കുവൈത്ത് സിറ്റി: പ്രവേശന വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടിക പുനഃപരിശോധിക്കാന്‍ കുവൈത്ത് മന്ത്രിസഭാ തീരുമാനം. ഇന്ത്യയടക്കമുള്ള കോവിഡ് രൂക്ഷമായ രാഷ്ട്രങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തു നടപ്പിലാക്കിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് രാജ്യത്തെ എങ്ങനെ ബാധിച്ചു എന്നും മന്ത്രിസഭ പരിശോധിക്കും.
32 രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് കുവൈത്ത് നിരോധം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് വരുന്നതിനു തടസ്സമില്ല. നാട്ടില്‍ കുടുങ്ങിയ വിദേശികളില്‍ ചിലര്‍ ദുബായ് വഴി കുവൈത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. 14 ദിവസം താമസിച്ച ശേഷം നോ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി ഇവര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴുരാജ്യങ്ങളില്‍നിന്നു നേരിട്ട് വരുന്നവര്‍ക്കായിരുന്നു കുവൈത്ത് ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് രണ്ടു തവണയായി 23 രാജ്യങ്ങള്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തുകയായിരുന്നു.