ദുബായ് : ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണഗതിയില്‍ ആയതോടെ ഇസ്രയേലും യുഎഇയും തമ്മില്‍ കൂടുതല്‍ മേഖലകളില്‍ സഹകരണത്തിന്. പ്രതിവാര ചരക്കു വിമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേലിലെ ബാങ്കുകള്‍ കൂട്ടത്തോടെ യുഎഇയില്‍ ശാഖ തുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ഏറ്റവും വലിയ ബാങ്കായ ഹപ്പോഅലിയും രണ്ടാമത്തെ വലിയ ബാങ്കായ ലോമിയുമാണ് അറബ് രാജ്യത്ത് കണ്ണുവച്ചിട്ടുള്ളത്. ഇരുബാങ്കുകളുടെയും പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ചകള്‍ക്കായി രാജ്യത്തെത്തും. യുഎഇ ബാങ്ക് പ്രതിനിധികള്‍ക്കു പുറമേ സര്‍ക്കാരിലെ ഉന്നതരുമായും സ്വകാര്യ മേഖലയിലെ പ്രബലരുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഇരു ഭാഗത്തും സാമ്പത്തിക വളര്‍ച്ച നേടാന്‍ ഉപകരിക്കുന്ന ബന്ധങ്ങളും സഹകരണവും വര്‍ധിപ്പിക്കാനുള്ള അപൂര്‍വ അവസരമാണ് സന്ദര്‍ശനമെന്ന് ബാങ്ക് ഹപ്പോഅലിം സിഇഒ ദോവ് കോട് ലര്‍ വിശേഷിപ്പിച്ചു. ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ലോമി അയക്കുന്നത്. യുഎഇ സെന്‍ട്രല്‍ ബാങ്കും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസും തമ്മില്‍ വിവിധ മേഖലകളില്‍ ധാരണാ പത്രം ഒപ്പുവയ്ക്കുമെന്ന് ഫസ്റ്റ് അബുദാബി ബാങ്കിന്റെ പത്രക്കുറിപ്പും വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 13നാണ് ഇരുരാഷ്ട്രങ്ങളും നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. ഇതിനു പിന്നാലെ ഇസ്രയേല്‍ ചരക്കുകള്‍ക്ക് 48 വര്‍ഷമായി ഏര്‍പ്പെടുത്തിയിരുന്ന നിരോധം യുഎഇ നീക്കിയിരുന്നു. വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ഗതാഗതം, വാര്‍ത്താവിനിമയം, ടെലികോം,ഐടി, പ്രതിരോധം, ഭക്ഷ്യം തുടങ്ങിയ മേഖലയിലെല്ലാം സഹകരണം വര്‍ധിപ്പിച്ച് വ്യാപാര സാധ്യതകള്‍ കണ്ടെത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക ഘട്ടത്തില്‍ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിവര്‍ഷം നാലു ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരത്തിനു സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ക്രമേണ ഇത് മൂന്നുമടങ്ങ് വരെ വര്‍ധിപ്പിക്കാനാണ് ആലോചന.