ദുബൈ: യുഎഇയുടെ പുതിയ ബജറ്റ് വിമാനക്കമ്പനിയായ വിസ് എയര്‍ അബുദാബി ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. യുഎഇയുടെ മൂന്നാമത്തെയും അബുദാബിയുടെ രണ്ടാമത്തെയും ബജറ്റ് വിമാനമാണ് വിസ് എയര്‍ അബുദാബി. യുഎഇയിലെ വമ്പന്‍ഹോള്‍ഡിങ് കമ്പനിയായ എഡിക്യു, വിസ് എയര്‍ ഹോള്‍ഡിങ്‌സ് എന്നിവ ചേര്‍ന്നാണ് വിമാനക്കമ്പനി തുടങ്ങിയത്. കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കി മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമാകാനാണ് ശ്രമിക്കുന്നതെന്ന് വിസ്എയര്‍ അബുദാബി എംഡി കീസ് വാന്‍ ഷായെക് വ്യക്തമാക്കി.

കമ്പനിയുടെ ആദ്യ വിമാനം കഴിഞ്ഞദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. അലക്‌സാന്‍ഡ്രിയ, ആതന്‍സ്, ജോര്‍ജിയയിലെ കുടൈസി, സൈപ്രസിലെ ലര്‍നാകാ, യുക്രെയ്‌നിലെ ഒഡേസ, അര്‍മേനിയയിലെ യെരേവന്‍ എന്നിവിടങ്ങളിലേക്കാവും സര്‍വീസുകള്‍ നടത്തുകയെന്നു വിമാനക്കമ്പനി വ്യക്തമാക്കി.