മാഡ്രിഡ്: കാറ്റലോണിയന്‍ രാഷ്ട്രീയത്തിന്റെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ റയലിന് മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. പുതുമുഖങ്ങളുടെ ജിറോണയില്‍ നിന്നും ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്.

ലാ ലിഗയിലെ പോയന്റ് നിലയില്‍ ബാഴ്‌സലോണക്ക് ഏറെ പുറകില്‍ നില്‍ക്കുന്ന റയലിന് തോല്‍വി കടുത്ത തിരിച്ചടിയായിരിക്കുകയാണ്.

മത്സരത്തിന്റെ 12-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയ റയലിന്റെ പോസ്റ്റിലേക്ക് രണ്ടു ഗോളുകള്‍ അടിച്ചുകേറ്റിയായിരുന്നു ജിറോണയുടെ തിരിച്ചുവരവ്. ഇസ്‌കോയയാണ് റയലിനായി വല ചലിപ്പിച്ചത്്. ബെന്‍സീമയും ക്രിസ്റ്റിയാനോയും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ക്രിസ്റ്റിയാനോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ബോണോ രക്ഷപെടുത്തിയെങ്കിലും ബോക്സിലേക്ക് കുതിച്ചെത്തിയ ഇസ്‌കോ ലക്ഷ്യം കാണുകയായിരുന്നു.

രണ്ടാം പകുതിയയുടെ തുടക്കത്തില്‍ തന്നെ റയലിനെ ഞെട്ടിച്ചുകൊണ്ട് തന്നെയായിരുന്നു ജിറോണയുടെ തിരിച്ചടി. നാല് മിനിറ്റിനിടയില്‍ രണ്ട് ഗോളുകളാണ് ജിറോണ റയലിന്റെ പോസ്റ്റിലെത്തിച്ചത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ജിറോണയുടെ തിരിച്ചുവരവ്. തോല്‍വിയോടെ 28 പോയന്റുമായി ഒന്നാമതുള്ള ബാഴ്സലോണയേക്കാള്‍ എട്ടു പോയിന്റ് പിറകിലാണിപ്പോള്‍ റയല്‍. 24 പോയന്റുമായി വലന്‍സിയയാണ് രണ്ടാമത്്. പുതിയ സീസണ്‍ സിദാനും സംഘത്തിനും കടുത്ത പരീക്ഷണമാണ് നല്‍കുന്നത്.
അതേസമയം മത്സരത്തില്‍ പന്തിനായുള്ള പോരാട്ടത്തിനിടെ ജിറോണ താരത്തെ ക്രിസ്റ്റിയാനോ പരിക്കേല്‍പ്പിച്ചത് തോല്‍വിക്ക് പുറമെ റയലിന് നാണക്കേടുണ്ടാക്കി. ജിറോണ താരംം പെരേ പോണ്‍സിനെയാണ് മത്സരത്തിനിടെ റയല്‍ സൂപ്പര്‍ താരം കായികമായി എതിരിട്ടത്.

പോണ്‍സിന്റെ മുഖം കൈകൊണ്ട് പിടിച്ചുവെക്കുന്ന ക്രിസ്റ്റ്യാനോയുടെ ദൃശ്യത്തിനാണ് മത്സരം സാക്ഷിയായത്. പുതിയ സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ലോകതാരത്തിന് കളിക്കളത്തിലെ ഈ മോശം പെരുമാറ്റത്താല്‍ വിലക്കു വരാനും സാധ്യതയുണ്ട്. ഇതേ സീസണില്‍ നേരത്തെ വിലക്ക് നേരിട്ട ക്രിസ്റ്റ്യാനോക്കിത് കടുത്ത മത്സരം നടക്കുന്ന ബാലന്‍ഡിയോര്‍ പുരസ്‌കാരത്തിന് തിരിച്ചടിയാവാനും സാധ്യതയുണ്ട്.