മാഡ്രിഡ്: സ്പാനിഷ് ലാലിഗ ഫുട്‌ബോള്‍ 2017-18 സീസണിലെ ബാര്‍സലോണയുടെ വിജയക്കുതിപ്പിന് അറുതിയായി. തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ച ബാര്‍സ ഇന്നലെ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡുമായി 1-1 സമനില വഴങ്ങുകയായിരുന്നു. സീസണില്‍ നാലാം സമനില വഴങ്ങിയ അത്‌ലറ്റികോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ഗെറ്റാഫെയെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി റയല്‍ മാഡ്രിഡ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഇടവേളക്കു ശേഷം പുനരാരംഭിച്ച ലീഗില്‍ ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് ബാര്‍സ തോല്‍വിയില്ലാതെ മാഡ്രിഡില്‍ നിന്നു തിരിച്ചത്. 21-ാം മിനുട്ടില്‍ ബോക്‌സിനു പുറത്തുനിന്നുള്ള കരുത്തുറ്റ ഷോട്ടില്‍ സൗള്‍ നിഗ്വെസ് ആതിഥേയരെ മുന്നിലെത്തിച്ചപ്പോള്‍ 82-ാം മിനുട്ടില്‍ സെര്‍ജിയോ ബുസ്‌ക്വെയുടെ ക്രോസില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്ത്. ലൂയിസ് സുവാരസ് സന്ദര്‍ശകരെ ഒപ്പമെത്തിച്ചു.

ഗെറ്റാഫെയുടെ ഗ്രൗണ്ടില്‍ കരീം ബെന്‍സേമ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ഗോളിലാണ് റയല്‍ ജയം നേടിയത്. 39-ാം മിനുട്ടില്‍ ബെന്‍സേമ സന്ദര്‍ശകരെ മുന്നിലെത്തിച്ചപ്പോള്‍ 56-ാം മിനുട്ടില്‍ യോര്‍ഹെ മൊലിന്യ ഗെറ്റാഫെയെ ഒപ്പമെത്തിച്ചിരുന്നു. 85-ാം മിനുട്ടില്‍ കരുത്തുറ്റ ഷോട്ടിലൂടെ ക്രിസ്റ്റിയാനോ റയലിന്റെ വിജയ ഗോള്‍ നേടി.

എട്ട് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 22 പോയിന്റോടെ ബാര്‍സലോണയാണ് ലാലിഗയില്‍ മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള റയലിന് 17-ഉം അത്‌ലറ്റികോ മാഡ്രിഡിന് 16-ഉം പോയിന്റാണുള്ളത്.