പട്‌ന: കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മഹാസഖ്യത്തിനൊപ്പം ചേര്‍ന്നു മത്സരിച്ച ഇടതുകക്ഷികള്‍ക്ക് ബിഹാറില്‍ മികച്ച നേട്ടം. മത്സരിച്ച 29 സീറ്റില്‍ 18 ഇടങ്ങളില്‍ ഇടതു പാര്‍ട്ടികള്‍ ലീഡ് ചെയ്യുകയാണ്. സിപിഎമ്മിന് നാലും സിപിഐക്ക് ആറും സിപിഐ-എംഎല്ലിന് 19ഉം സീറ്റാണ് നല്‍കിയിരുന്നത്.

2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി വിജയിച്ച സീറ്റുകളും ഇടതുകക്ഷികള്‍ക്ക് നല്‍കിയിരുന്നു. 2015ല്‍ സിപിഐ-എംഎല്‍ മൂന്നു സീറ്റില്‍ ജയിച്ചിരുന്നു. എന്നാല്‍ സിപിഎമ്മും സിപിഐയും മുന്‍ തെരഞ്ഞെടുപ്പില്‍ സംപൂജ്യരായിരുന്നു. ഇതില്‍ നിന്നാണ് മഹാസഖ്യത്തിന്റെ ബലത്തില്‍ ഇടതുകക്ഷികള്‍ കരകയറിയത്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റ് പ്രകാരം 2.55ന് സിപിഎമ്മും സിപിഐയും മൂന്ന് വീതം സീറ്റുകളില്‍ മുമ്പിലാണ്. സിപിഐ-എംഎല്‍ 12 സീറ്റിലും. ഈ വിജയം പ്രതീക്ഷിച്ചിരുന്നു എന്നും കര്‍ഷക പ്രക്ഷോഭം, തൊഴില്‍ പ്രശ്‌നം എന്നിവയില്‍ സജീവ പങ്കാളിത്തം വഹിച്ചവരെയാണ് സ്ഥാനാര്‍ത്ഥികള്‍ ആക്കിയിരുന്നത് എന്നും സിപിഐ-എംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.

അതിനിടെ, തെരഞ്ഞെടുപ്പില്‍ 133 സീറ്റില്‍ ലീഡ് നേടി എന്‍ഡിഎ മുന്നേറ്റം തുടരുകയാണ്. മഹാസഖ്യം 99 മണ്ഡലങ്ങളിലാണ് മുമ്പില്‍ നില്‍ക്കുന്നത്. ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് രണ്ടു സീറ്റുകളിലേ ലീഡുള്ളൂ.

77 സീറ്റുകളില്‍ മുമ്പിലുള്ള ബിജെപിയാണ് നിലവിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ആര്‍ജെഡി 64 ഇടത്തും ജെഡിയു 51 ഇടത്തും കോണ്‍ഗ്രസ് 19 ഇടത്തും മുമ്പില്‍ നില്‍ക്കുന്നു.