ബംഗളൂരു: കര്‍ണാടകയില്‍ മെഡിക്കല്‍ കോളജില്‍ പുലിയിറങ്ങി. മെഡിക്കല്‍ കോളജിന്റെ ഇടനാഴിയിലൂടെ പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ചാമരാജനഗര്‍ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ ക്യാമ്പസിലാണ് പുലി അലഞ്ഞുതിരിഞ്ഞ് നടന്നത്.ദൃശ്യങ്ങളില്‍ ഇത് കരിമ്പുലിയാണോ എന്ന് സംശയം ഉയര്‍ന്നുവെങ്കിലും പിന്നീട് ഇത് സാധാരണ പുലിയാണെന്ന് സ്ഥിരീകരിച്ചു. നിറവ്യത്യാസമാണ് ഈ സംശയത്തിന് കാരണം.

ഹോസ്റ്റല്‍ കെട്ടിടത്തില്‍ പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പര്‍വീണ്‍ കാസ്‌വാന്‍ ഐഎഫ്എസാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. മുറികള്‍ പരിശോധിക്കുന്നത് പോലെ മുറികള്‍ ഒന്നാകെ കയറിയിറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത് കടുവാസംരക്ഷണ കേന്ദ്രത്തിന് സമീപമാണ്. പുലിയെ ഇതിന് മുന്‍പും മെഡിക്കല്‍ കോളജില്‍ കണ്ടിട്ടുള്ളതായി അധികൃതര്‍ പറയുന്നു.