മരിച്ച വ്യക്തികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിയതിന് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. മഥുരയിലെ ഗവണ്‍മെന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലാണ് സംഭവം.

റോഡപകടത്തില്‍ മരിച്ച രണ്ടു പേരുടെ പേരിലാണ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. 2017 ജൂലൈ ഒമ്പിന് മരണപ്പെട്ട ഛേത്രോം ജാദോണിന് 2018 മാര്‍ച്ച് 22ന് ലേണേഴ്‌സ് ലൈസന്‍സ് അനുവദിച്ചതായാണ് രേഖകള്‍ തെളിയിക്കുന്നത്. 2017 നവംബര്‍ 16ന് മരിച്ച വിരേന്ദ്രയുടെ പേരില്‍ 2018 ഏപ്രില്‍ 19ന് രേഖപ്പെടുത്തിയ ഡ്രൈവിങ് ലൈസന്‍സും അനുവദിച്ചിട്ടുണ്ട്.

സംഭവത്തില്‍ വിശദീകരണം തേടി ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ബബിത വര്‍മ പറഞ്ഞു.
എന്നാല്‍ നോട്ടീസ് കൈപ്പറ്റാതെ ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് ബബിത വര്‍മ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് എ.ആര്‍.ടി.ഒ ആഗ്ര റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കത്തയച്ചു.

ഇതാദ്യമായല്ല മഥുര ആര്‍ടിഒ ഓഫീസില്‍ നിന്ന് ഇത്തരം പിഴവ് സംഭവിക്കുന്നത്. നേരത്തെ 26/11 ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിന്റെ പേരിലും ഇതേ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അബദ്ധത്തില്‍ ലൈസന്‍സ് അനുവദിച്ചിരുന്നു.