കോവിഡ് രോഗമുക്തിക്ക് ശേഷവും മാസങ്ങളോളം തുടരുന്ന രോഗലക്ഷണങ്ങള്‍. ഇതാണ് ഇന്ന് പലരെയും ബുദ്ധിമുട്ടിലാകുന്നത്. ശ്വാസംമുട്ടല്‍, ചുമ, ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിങ്ങനെ പല പ്രശ്‌നങ്ങളും ദീര്‍ഘകാല കോവിഡിന്റെ ഭാഗമായി വരുന്നു. പല നഗരങ്ങളിലും ഇതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ഉയരുന്നു.

പ്രായം, രോഗചികിത്സ, കോവിഡിന്റെ തീവ്രത, പ്രതിരോധ ശക്തി എന്നിങ്ങനെ പല ഘടകങ്ങളാണ് ദീര്‍ഘകാല കോവിഡിനെ സ്വാധീനിക്കുന്നത്. ലണ്ടനിലെ കിങ്ങ്‌സ് കോളജ് നടത്തിയ പഠനം അനുസരിച്ച് താഴെ പറയുന്ന വിഭാഗക്കാര്‍ക്ക് ദീര്‍ഘകാല കോവിഡ് വരാനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനും സാധ്യത കൂടുതലാണ്.

പ്രായമായവര്‍

മുതിര്‍ന്ന വ്യക്തികള്‍ കോവിഡ് രോഗമുക്തി നേടിയാലും കുറഞ്ഞ പ്രതിരോധ ശേഷി മൂലം ലക്ഷണങ്ങള്‍ അത്ര വേഗം അപ്രത്യക്ഷമാകണമെന്നില്ല. ക്ഷീണവും ശരീരവേദനയും ശ്വാസമുട്ടലും തലച്ചോറിന് ആകെയൊരു മന്ദതയുമൊക്കെ പ്രായമായവരില്‍ ദീര്‍ഘകാല കോവിഡ് മൂലം വരാം.

ശ്വാസകോശ പ്രശ്‌നങ്ങളുള്ളവര്‍

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ നേരത്തെയുള്ളവര്‍ക്ക് കോവിഡ് വന്നു പോയാലും പ്രശ്‌നങ്ങള്‍ കുറച്ച് കാലം കൂടി അവശേഷിക്കാം. ശ്വാസകോശത്തിന് വലിയ കേട് വരുത്തിക്കൊണ്ടാണ് കോവിഡ് രോഗം കടന്നു പോവുക. ഇതില്‍ നിന്നു മുക്തി നേടാന്‍ ആഴ്ചകളോ മാസങ്ങളോ ഒക്കെ എടുക്കാം.

സ്ത്രീകള്‍

കോവിഡ് ബാധിക്കാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കുറവാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. അതേ സമയം ദീര്‍ഘകാല കോവിഡിന്റെ പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ കൂടുതലാണ്. മുടികൊഴിച്ചില്‍, ക്ഷീണം, മണവും രുചിയും നഷ്ടമാകല്‍, തലച്ചോറിന് മൂടല്‍ അങ്ങനെ പല പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് ദീര്‍ഘകാല കോവിഡ് ഉണ്ടാക്കും.

അമിതവണ്ണമുള്ളവര്‍

അമിതവണ്ണം ശരീരത്തിന്റെ ചയാപചയത്തെ ബാധിക്കുന്നു. കോവിഡ് മൂലം അമിതവണ്ണക്കാരിലുണ്ടാകുന്ന നീര്‍ക്കെട്ട് സഹരോഗാവസ്ഥകള്‍ വളരാനുള്ള സാധ്യതയും വര്‍ധിപ്പിക്കും. അതിനാല്‍ കോവിഡ് രോഗികള്‍ അമിതഭാരവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.