കല്‍പ്പറ്റ: രണ്ടാഴ്ചക്ക് മുമ്പ് ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കമ്പോള്‍ പൊലീസുകാര്‍ ഇങ്ങനെയുള്ള പണി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല. സംസ്‌കാരത്തിന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത ഫയല്‍ ക്ലോസ് ചെയ്ത് പൊലീസിന് മുന്നിലെ പരേതന്‍ ഇന്നലെ ജീവനോടെ തിരിച്ചെത്തി.
ഇനി അന്ന് മറവ് ചെയ്ത മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തേണ്ട പണിയും പൊലീസിന്റെ ചുമലിലായി. പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാം കുന്നേല്‍ മത്തായിയുടെ മകന്‍ സജി (49) ആണ് ബന്ധുക്കളെയും നാട്ടുകാരെയും അമ്പരപ്പെടുത്തി കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ തിരിച്ചെത്തിയത്. കുറേ നാള്‍ മുമ്പ് മുതല്‍ വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ സജിയെപ്പറ്റി വീട്ടുകാര്‍ക്ക് യാതൊരു വിവരവും ഇല്ലായിരുന്നു. ഇതിനിടയില്‍ ഈ മാസം 13ന് കര്‍ണാടകയിലെ എച്ച്.ഡി കോട്ട വനാതിര്‍ത്തിയില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് സജിയുടെ അമ്മ ഫിലോമിനയും സഹോദരന്‍ ജിനേഷും മൃതദേഹം സജിയുടേതാണെന്ന് തെറ്റിദ്ധരിക്കയും, പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം16 ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്‌ക്കരിക്കുകയുമായിരുന്നു. ഒടുവില്‍ 15 ദിവസത്തിന് ശേഷം സജി വീട്ടിലെത്തിയപ്പോഴാണ് ഏവര്‍ക്കും അബദ്ധം മനസ്സിലാകുന്നത്. എച്ച് ഡി കോട്ട വനാതിര്‍ത്തിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒക്ടോബര്‍ 13 ന് മാനന്തവാടി ജില്ലാ ആസ്പത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന് ബൈരകുപ്പ പോലീസും, പുല്‍പ്പള്ളി പോലീസും മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ മറ്റൊരു പരാതി പറയാനായി പുല്‍പ്പള്ളി സ്റ്റേഷനിലെത്തിയ ജിനേഷ് അജ്ഞാത മൃതദേഹത്തെ കുറിച്ചറിയുകയും ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും പോയ സഹോദരനെ കുറിച്ച് പോലീസിനോട് പറയുകയുമായിരുന്നു. ഒടുവില്‍ പോലീസ് പറഞ്ഞതനുസരിച്ച് ജിനേഷും, മാതാവ് ഫിലോമിനയും മോര്‍ച്ചറിയിലെത്തി അഴുകിയ മൃതദേഹത്തിന്റെ പരിസരത്ത് നിന്നും കിട്ടിയ ചെരുപ്പിന്റേയും മറ്റും അടയാളങ്ങള്‍ കണ്ട് തെറ്റിദ്ധരിച്ച് അത് സജിയുടെ മൃതദേഹമാണെന്ന് ഉറപ്പിക്കുകയും ചെയ്തു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൃതദേഹത്തിന്റെ ഒരു കാല്‍ ഒടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയിരുന്നു. സജിയുടെ ഒരു കാലും ഒടിഞ്ഞതായിരുന്നു. ഇതോടെ ഏവരും മൃതദേഹം സജിയുടേതാണെന്ന് ഉറപ്പിക്കുകയും മരണ സര്‍ട്ടിഫിക്കറ്റടക്കം ബന്ധുക്കള്‍ക്ക് നല്‍കുകയുമായിരുന്നു. ഒക്ടോബര്‍ 16 ന് മൃതദേഹം ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ അടക്കുകയും ചെയ്തു. പിന്നീടാണ് ഇന്നലെ വീട്ടില്‍ തിരിച്ചെത്തുന്നതും ഏവരും അമ്പരക്കുന്നതും. ഇത്ര ദിവസം കണ്ണൂരിലും മറ്റും കൂലിപ്പണിയെടുത്ത് കഴിഞ്ഞ് വരികയായിരുന്നു സജി. സംഭവത്തെ തുടര്‍ന്ന് പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ സജി ഹാജരാകുകയും, പുല്‍പ്പള്ളി പോലീസ് ബൈരക്കുപ്പ പോലീസിന് വിവരം കൈമാറുകയും ചെയ്തിട്ടുണ്ട്.