കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത് മറ്റൊരു കേസില്‍. സ്വപ്‌ന സുരേഷ് വിദേശത്തേക്ക് ഡോളര്‍ അടക്കമുള്ള വിദേശനാണ്യം കടത്തിയ കേസില്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതു പ്രകാരം സ്വപ്‌നയുടെ കൂടെ ശിവശങ്കര്‍ വിദേശ യാത്രകള്‍ നടത്തിയ വിവരങ്ങളും സന്ദീപ് നായര്‍ നല്‍കിയ രഹസ്യ മൊഴിയും ചേര്‍ത്ത് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസിലാണ് ശിവശങ്കറിന് ചോദ്യം ചെയ്യാന്‍ സമന്‍സ് നല്‍കിയതെന്നാണ് വിവരം. ഏഷ്യാനെറ്റ് ന്യൂസാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.. സ്വകാര്യ കാര്‍ ഒഴിവാക്കി കസ്റ്റംസിന്റെ കാറില്‍ തന്നെ കൊണ്ടു പോകാനായിരുന്നു അധികൃതരുടെ തീരുമാനം.

യാത്രക്കിടയില്‍ ശിവശങ്കറിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും, ഭാര്യയുടെ നേതൃത്വത്തില്‍ അതേ വാഹനത്തില്‍ തന്നെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ശിവശങ്കറിനെ ഇന്ന് ആന്‍ജിയോഗ്രം നടത്തും. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാര്‍ഡിയാക് ഐസിയുവിലാണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്.