ഭോപ്പാല്‍: താമരക്ക് വളക്കൂറുണ്ടായിരുന്ന മധ്യപ്രദേശില്‍ ഇളക്കം തട്ടിയിരിക്കുന്നു. 15 വര്‍ഷത്തിലേറെയായി അധികാരത്തിനു പുറത്തുള്ള കോണ്‍ഗ്രസിന്റെ കൈകള്‍ക്കു കരുത്തുവന്നിരിക്കുന്നു. തുടര്‍ച്ചയായി മൂന്നു തവണ ബി.ജെ.പിയായിരുന്നു ഇവിടെ അധികാരത്തില്‍. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ തലയെടുപ്പായിരുന്നു ബി.ജെ.പിയുടെ തുറുപ്പുചീട്ട്. ചൗഹാന്റെ പ്രതിച്ഛായ പൊളിക്കല്‍, സര്‍ക്കാരിനെതിരെ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍, റഫാല്‍ ഇടപാട് ഉള്‍പ്പെടെ കേന്ദ്രത്തിനെതിരായ ആയുധങ്ങളുടെ വിന്യാസം, മാധ്യമങ്ങളോടുള്ള അടുപ്പം, ബുത്തുതലം മുതല്‍ ചിട്ടയായ പ്രവര്‍ത്തനം, നേതാക്കളിലും അണികളിലും പ്രകടമായ ഐക്യം, എണ്ണയിട്ട യന്ത്രം പോലുള്ള വാര്‍ റൂമുകള്‍, ഒരേ സമയം ഹിന്ദുത്വവും മതേതരത്വവും പുല്‍കല്‍ തുടങ്ങിയ തന്ത്രങ്ങളിലൂടെയാണ് കോണ്‍ഗ്രസ് പിടിമുറുക്കിയത്. ജനസംഖ്യയുടെ 90.9 ശതമാനം ഹിന്ദുമത വിശ്വാസികളാണ്. മുസ്ലിംകള്‍ 6.6 ശതമാനം. 60 ലക്ഷം കന്നിവോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 27 വയസ്സിനു താഴെയുള്ളവര്‍ 1.20 കോടി. ഒന്നര പതിറ്റാണ്ടായുള്ള ബി.ജെ.പി ഭരണത്തിന്റെ കൊള്ളരുതായ്മകള്‍ മറയ്ക്കാന്‍ 2003 വരെയുള്ള കോണ്‍ഗ്രസ് ഭരണത്തെയായിരുന്നു മോദിയും ബി.ജെ.പിയും കുറ്റപ്പെടുത്തിയത്. ചെറുപ്പക്കാരായ വോട്ടര്‍മാരുടെ ഓര്‍മയില്‍ പോലുമില്ലാത്ത കോണ്‍ഗ്രസ് ഭരണത്തെ സ്മൃതിപഥത്തിലെത്തിച്ച്, അതിനേക്കാള്‍ സമര്‍ഥമായി ബി.ജെ.പി ഭരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ ഉടച്ചുവാര്‍ത്ത് രാഹുല്‍ ഗാന്ധി ബി.ജെ.പിയെ നേരിട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിനെ പാര്‍ട്ടി അധ്യക്ഷനാക്കി. തെരഞ്ഞെടുപ്പിന്റെ നിര്‍ണായക ചുമതല യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കു നല്‍കി. മധ്യപ്രദേശിലെ മുടിചൂടാമന്നനായിരുന്ന ദിഗ്വിജയ് സിങിനെ പിന്‍സീറ്റിലേക്കു മാറ്റി. ഇതോടെ ഗ്രൂപ്പുകളി ഒഴിവാക്കാന്‍ കമല്‍നാഥ്- ജ്യോതിരാദിത്യ സിന്ധ്യ സഖ്യത്തിനു സാധിച്ചു. ചെറുപ്പത്തിന്റെ ഊര്‍ജവും മുതിര്‍ന്നവരുടെ പ്രവൃത്തി പരിചയവും കോണ്‍ഗ്രസിനു കരുത്തായി. മുന്‍ പി.സി.സി അധ്യക്ഷന്‍ അരുണ്‍ സുഭാഷ് ചന്ദ്ര യാദവില്‍നിന്നു കടുത്ത മല്‍സരം നേരിട്ടാണു ശിവരാജ് സിങ് ചൗഹാന്‍ സ്വന്തം തട്ടകമായ ബുധ്‌നിയില്‍ ജയിച്ചത്. ബി.ജെ.പിക്കു മുമ്പ് 10 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസായിരുന്നു ഭരണത്തില്‍. തോല്‍പ്പിച്ച അതേ തന്ത്രം തിരിച്ചിറക്കിയാണു കോണ്‍ഗ്രസ് പടയൊരുക്കിയത്. റെക്കോര്‍ഡ് പോളിങായിരുന്നു ഇത്തവണ 75%. പോളിങ് ശതമാനം കൂടിയത് ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടിയായി.
80 ശതമാനമാണു ഗ്രാമീണ മേഖലയിലെ മാത്രം പോളിങ്. മാറിച്ചിന്തിക്കുന്ന വോട്ടര്‍മാരുടെ മനസ്സിനെയാണിത് കാണിക്കുന്നതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ചൗഹാന്റെ തുടര്‍ഭരണത്തിനെതിരായ വികാരമാണ് വര്‍ധിച്ച വോട്ടുശതമാനത്തിന്റെ കാരണമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.