ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് മദ്രസാ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. ദാറുല്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥിയും ഹരിയാന സ്വദേശിയുമായ എട്ടുവയസ്സുകാരന്‍ മുഹമ്മദ് അസീമിനെയാണ് കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ മാല്‍വിയ നഗറിനു സമീപത്തെ ബീഗംപൂര്‍ ഗ്രാമത്തിലാണ് സംഭവം.
ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
തര്‍ക്കത്തെത്തുടര്‍ന്ന് പത്തു വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള നാലു കുട്ടികള്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം മദ്രസയിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മുഹമ്മദ് അസീമിനെ നാലംഗസംഘം മര്‍ദ്ദിക്കുകയായിരുന്നു. വശനായി വീണ അസീമിനെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.