ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പുതിയ നായകന്‍. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയമിച്ചു. പി.സി.സി അധ്യക്ഷനായിരുന്ന അരുണ്‍ യാദവിന്റെ സ്ഥാനത്തേക്കാണ് ചിന്ദ്‌വാരയില്‍ നിന്നുള്ള ലോക്‌സഭാംഗമായ കമല്‍നാഥ് എത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാനായി എം.പി ജ്യോതിരാധിത്യ സിന്ധ്യയെയും ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുണ്ട്.

കമല്‍നാഥിന് സഹായികളായി നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെയും ഹൈക്കമാന്‍ഡ് നിയോഗിച്ചു. രാംനിവാസ് റാവത്ത്, ജിഡു പട്‌വാരി, സുരേന്ദര്‍ ചൗധരി, ബാലാ ബച്ചന്‍ എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍.

പതിനഞ്ച് വര്‍ഷമായി മധ്യപ്രദേശ് ഭരിക്കുന്ന ബി.ജെ.പിക്ക് ഇത്തവണ കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വീഴ്ത്തി അധികാരം പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ്.