മലപ്പുറം: മലപ്പുറത്തുനിന്നും കോഴിക്കോട് ഓഫീസുമായി ലയിപ്പിച്ച മലപ്പുറം മേഖല പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരാന്‍ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഉത്തരവിട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരണമെന്നാണ് ഉത്തരവില്‍ പറയുന്നത്. മലപ്പുറം കിഴക്കെത്തലയില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം മേഖല ഓഫീസിന് നവംബര്‍ 30നാണ് ഔദ്യോഗികമായി താഴുവീണത്. ദിവസങ്ങള്‍ക്കകം തന്നെ മേഖല ഓഫീസ് മലപ്പുറത്ത് തന്നെ തുടരാനുള്ള ഉത്തരവ് വന്നത് പി.കെ കുഞ്ഞാലിക്കുട്ടിയുടേയും മുസ്ലിംലീഗ് എംപിമാരുടേയും നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്.
പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിംലീഗ് പാര്‍ട്ടിയും മുസ്ലിംലീഗ് എം.പിമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തുകയും പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കികൊണ്ടുള്ള നിവേദനം നല്‍കുകയും ചെയ്തു. കേന്ദ്ര നടപടി ചോദ്യം ചെയ്ത് കുഞ്ഞാലിക്കുട്ടി ഹൈക്കോടതിയില്‍ കേസും ഫയല്‍ ചെയതു. ഈ കേസില്‍ സര്‍ക്കാറിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി നടത്തിയ ‘സേവ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ’് കാമ്പയിനും വന്‍പ്രതികരണമാണ് ലഭിച്ചിരുന്നത്. ഇതിനെല്ലാമിടയിലാണ് പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ തുടരാനുള്ള ഉത്തരവിറങ്ങിയത്.
നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം കിഴക്കെത്തലയിലെ കെട്ടിട ഉടമയുമായി സംസാരിച്ച് കരാറിലെത്തണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2006ല്‍ ഇ അഹമ്മദ് വിദേശകാര്യമന്ത്രിയായിരിക്കുമ്പോഴാണ് മലപ്പുറത്തിന് പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിച്ചത്. കോഴിക്കോടിനെ ആശ്രയിച്ചിരുന്ന മലപ്പുറത്തുകാരുടെ സ്വപ്‌നസാക്ഷാത്കാരം കൂടിയായിരുന്നു മലപ്പുറത്തെ പാസ്‌പോര്‍ട്ട് ഓഫീസ്. രാജ്യത്ത് തന്നെ ഏറ്റവും മികച്ച വരുമാനമുള്ള പാസ്‌പോര്‍ട്ട് ഓഫീസായി ഇത് വളര്‍ന്നു. മലബാര്‍ മേഖലയില്‍ കോഴിക്കോട് റീജിയണല്‍ പാസ്‌പോര്‍ട് ഓഫീസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപേക്ഷകരുടെ എണ്ണത്തില്‍ മലപ്പുറമായിരുന്നു മുന്നില്‍. തിരക്കുകാരണം പാസ്‌പോര്‍ട്ട് ലഭ്യമാകാന്‍ വൈകുന്നതും പതിവായത് മലപ്പുറത്തുകാരുടെ പ്രവാസ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി. ഇത് മനസ്സിലാക്കിയാണ് ഇ അഹമ്മദിന്റെ ശ്രമഫലമായി മലപ്പുറത്ത് പാസ്‌പോര്‍ട്ട് ഓഫീസ് കൊണ്ടുവരുന്നത്. തുടക്കത്തില്‍ പാലക്കാട് ജില്ലയും ഇതിന്റെ കീഴിലായിരുന്നു. പിന്നീട് മലപ്പുറം മാത്രമായി.
മേഖലാ ഓഫീസ് മലപ്പുറത്ത് തുറന്നിട്ട് 11 വര്‍ഷമായിരുന്നു. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചവരുടെ എണ്ണത്തിലും മറ്റ് മേഖലാ ഓഫീസുകളേക്കാള്‍ കൂടുതലാണ് മലപ്പുറത്ത്. 11 വര്‍ഷംകൊണ്ട് 20,13,392 പേരാണ് പുതിയവരും പുതുക്കിയവരുമായി പാസ്‌പോര്‍ട്ട് കൈപ്പറ്റിയത്. കോഴിക്കോടിന് അടുത്തായ മലപ്പുറത്തിന് പ്രത്യേകമായി പാസ്‌പോര്‍ട്ട് മേഖല കേന്ദ്രം വേണ്ടെന്ന് പറഞ്ഞായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് പൂട്ടാന്‍ തീരുമാനമെടുത്തത്. മലപ്പുറത്തെ കോഴിക്കോടുമായി ലയിപ്പിച്ചാല്‍ ജീവനക്കാരുടെ കുറവുകൊണ്ടുള്ള പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് കണക്കുകൂട്ടി. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന് കെട്ടിട വാടകയും വൈദ്യുതി ബില്ലുമടക്കം മാസം അഞ്ചുലക്ഷത്തോളമാണ് ചെലവ് വരുന്നത്. ഇതു ലാഭിക്കാമെന്നും കണക്കുകൂട്ടിയാണ് ജനങ്ങളുടെ പ്രയാസം മനസ്സിലാക്കാതെ ഓഫീസ് കോഴിക്കോട്ടേക്ക് മാറ്റിയത്.
Be the first to write a comment.