മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ ഇന്നു പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനായി ലീഗ് നേതൃത്വയോഗം ഇന്നു മലപ്പുറത്ത് ചേരും. രാവിലെ ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം വൈകിട്ട് നടക്കുന്ന ഉന്നതാധികാര സമിതി യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ഉന്നതാധികാര സമിതിയിലുള്ളത്. ഇന്നലെ കോണ്‍ഗ്രസ്-മുസ്‌ലിംലീഗ് ഉഭയകക്ഷി ചര്‍ച്ചയില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനമായിരുന്നില്ല. പി.കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി തീരുമാനിക്കട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.