Connect with us

News

ഫ്‌ലോട്ടില്ലക്കു നേരെയുള്ള ഇസ്രാഈല്‍ ആക്രമണം അപലപിച്ച് മലേഷ്യ

അക്രമത്തില്‍ മലേഷ്യന്‍ പൗരന്മാര്‍ അടങ്ങുന്ന സുമുദ് ഫ്ലോട്ടില്ല സംഘം തടവിലാക്കപ്പെട്ടതായി അന്‍വര്‍ വ്യക്തമാക്കി

Published

on

ക്വാലാലമ്പൂര്‍: ഗസ്സിലെ മനുഷ്യാവകാശ സഹായ കപ്പലിന് നേരെയുള്ള ഇസ്രാഈല്‍ സൈന്യത്തിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. ഇസ്രാഈലിനെ ഉത്തരവാദി ആക്കുന്നതിനായി തന്റെ രാജ്യം എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അക്രമത്തില്‍ മലേഷ്യന്‍ പൗരന്മാര്‍ അടങ്ങുന്ന സുമുദ് ഫ്ലോട്ടില്ല സംഘം തടവിലാക്കപ്പെട്ടതായി അന്‍വര്‍ വ്യക്തമാക്കി. മലേഷ്യക്കാര്‍ക്ക് സുരക്ഷ മുന്‍ഗണനയാണെന്നും അവരുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുമ്പോള്‍ നിശബ്ദത പാലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളും അഭിലാഷങ്ങളും നിരാകരിക്കപ്പെടുന്നത് തുടരുന്നിടത്തോളം മലേഷ്യ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നിയമവിരുദ്ധമായി തടവിലാക്കിയ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങള്‍, നീതി, സമാധാനം എന്നിവക്കായുള്ള ന്യായമായ പോരാട്ടത്തില്‍ ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം മലിദ്വീപ് പ്രഖ്യാപിക്കുന്നുവെന്നും ഇസ്രാഈലിന്റെ നിയമവിരുദ്ധ നടപടികള്‍ക്ക് അന്താരാഷ്ട്ര സമൂഹം നിര്‍ണായക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇസ്രാഈല്‍ സേനയുടെ ആക്രമണത്തെ ശക്തമായി അപലപിച്ച്, തടങ്കലില്‍ വച്ചിരിക്കുന്ന സമാധാന പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. 30 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 40 ലധികം കപ്പലുകളും 500 ലധികം വളന്റിയര്‍മാരും അടങ്ങിയ ഫ്ലോട്ടില്ലയെ ഗസ്സയില്‍ നിന്ന് 80 നോട്ടിക്കല്‍ മൈല്‍ (148 കിലോമീറ്റര്‍) അകലെ തടഞ്ഞതും, മനുഷ്യാവകാശ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതും അന്താരാഷ്ട്ര നിയമവിരുദ്ധമാണെന്ന് വിവരം പറയുന്നു.

Trending