നടന്‍ മമ്മൂട്ടിയുടെ പുതിയ കാരവാന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വിപുലമായ സൗകര്യങ്ങളോടെ വോള്‍വോ ബസില്‍ പണി കഴിപ്പിച്ചതാണ് പുതിയ കാരവാന്‍. സാധാരണ കാരവാന്‍ യാത്രകള്‍ക്ക് ഉപയോഗിക്കാറില്ലെങ്കിലും, യാത്രാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് KL 07 CU 369 എന്ന നമ്പറിലുള്ള മമ്മൂട്ടിയുടെ കാരവാന്‍.

സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകള്‍. ബെഡ്‌റൂം, കിച്ചന്‍ സൗകര്യവും വാഹനത്തിലുണ്ട്. ആവശ്യമുള്ളപ്പോള്‍ ഉയര്‍ന്നുവരുന്ന രീതിയിലാണ് ടിവി സജ്ജീകരിച്ചിരിക്കുന്നത്. യമഹയുടെ തിയേറ്റര്‍ സംവിധാനമാണ് ഇതിനായി ഉപയോഗിച്ചത്. കടുംനീലയും വെള്ളയും നിറമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഓജസ് ഓട്ടോമൊബൈല്‍സ് തയ്യാറാക്കിയ കാരവാന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

275 ദിവസങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. തുടര്‍ന്ന് ചെയ്ത പരസ്യ ചിത്രത്തിന്റെ ഷൂട്ടിങിനായി പുതിയ കാരവാനിലായിരുന്നു മമ്മൂട്ടി എത്തിയത്. വണ്‍, പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.