അഹമ്മദാബാദ്: ഗൂഗിള്‍ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പതോളം യുവതികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അഹമ്മദാബാദിലാണ് സംഭവം. വിഹാന്‍ ശര്‍മയാണ് പിടിയിലായത്. ഐഐഎം ഹൈദരാബാദില്‍ നിന്ന് ബിരുദമെടുത്ത് ഗൂഗിളില്‍ എച്ച് ആര്‍ മാനേജരാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇയാള്‍ സ്ത്രീകളെ വശത്താക്കിയത്. ഇയാളില്‍നിന്ന് 30 സിം കാര്‍ഡുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, നാല് വ്യാജ ഐഡി കാര്‍ഡ് എന്നിവ പൊലീസ് കണ്ടെടുത്തു. 40 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാങ്ങുന്നുണ്ടെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.

സ്ത്രീകളുമായി സൗഹൃദത്തിലായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് പണവും ആഭരണങ്ങളുമായി മുങ്ങും. വീഡിയോ ചിത്രീകരിച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഐഐഎം ഹൈദരാബാദിലെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.