ഇടിമിന്നലിന്റെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ 43കാരന്‍ മരിച്ചു. ചെന്നൈ സ്വദേശി രമേശാണ് മരിച്ചത്. തമിഴ്‌നാട്ടിലെ തിരുവല്ലൂരിലാണ് സംഭവം. ചെന്നൈയിലെ തുറായ്പക്കം എന്ന സ്ഥലത്ത് സുഹൃത്തിന്റെ ചെമ്മീന്‍ കൃഷി കാണാനെത്തിയതായിരുന്നു രമേശ്.

വൈകിട്ട് 3.30ന് തന്റെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് മിന്നലിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു രമേശ്. ഇതിനിടെ മിന്നലേറ്റ് രമേശ് വീഴുകയായിരുന്നു. സമീത്തുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ എഴുന്നേല്‍പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നെഞ്ചിലും മുഖത്തും പൊള്ളലേറ്റത് ശ്രദ്ധയില്‍പ്പെട്ടത്.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പൊന്നേരി സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ചു.
സംഭവത്തെത്തുടര്‍ന്ന് ആളുകളോട് ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഉപയോഗിക്കുന്നതും ഫോട്ടോ എടുക്കുന്നതുമെല്ലാം ഒഴിവാക്കണമെന്ന് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.