കണ്ണൂര്‍: പയ്യോളി മനോജ് വധക്കേസില്‍ സിപിഎമ്മിനെ പ്രതികൂട്ടിലാക്കി പ്രതികളുടെ വെളിപ്പെടുത്തല്‍. ബിജെപിയുമായി ചേര്‍ന്ന് പാര്‍ട്ടി ചതിക്കുകയായിരുന്നുവെന്ന് തിരിച്ചറിയാന്‍ വൈകിയെന്ന് പേരു വെളിപ്പെടുത്താത്ത കേസിലെ പ്രതി തുറന്നു പറയുന്നു. മൂന്നു മാസം കൊണ്ട് ജാമ്യത്തിലിറക്കാമെന്ന് പാര്‍ട്ടി ഉറപ്പുനല്‍കിയാണ് പൊലീസിനു പിടികൊടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്. അക്രമിസംഘം പയ്യോളിയിലെത്തിയതു സിബിഐ കസ്റ്റഡിയിലെടുത്ത ജില്ലാനേതാവിന്റെ അറിവോടെയാണെന്നും പ്രതി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതി പറഞ്ഞത്:
‘മൂന്നു മാസം കൊണ്ട് പുറത്തിറക്കും എന്നാണ് ഞങ്ങളോട് പറഞ്ഞത്. ചന്തുമാഷ് പറഞ്ഞിട്ടാണ് പൊലീസിനു പിടികൊടുത്തത്. മനോജിന്റെ കുടുംബത്തിന് പണം കൊടുത്ത് കേസ് ഒതുക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഞങ്ങള്‍ വെറുതെ പോയാല്‍ മതിയെന്നും ബാക്കി അവര്‍ നോക്കുമെന്നുമായിരുന്നു വാഗ്ദാനം. ബിജെപി കൊടുത്ത ലിസ്റ്റാണെന്നുമാണ് പാര്‍ട്ടി പറഞ്ഞത്. എന്നാല്‍ അറസ്റ്റിലായ ശേഷമാണ് മനസിലായത് അത്തരമൊരു ലിസ്റ്റില്ലെന്നത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണെന്നും മനസ്സിലായി. പൊലീസിനു പിടികൊടുത്തതിനു ശേഷം പാര്‍ട്ടി പറഞ്ഞ ഉറപ്പുകളെല്ലാം പാഴ്‌വാക്കുകളായി.’