റായ്പുര്‍: ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണം. ഐഇഡി സ്ഫോടനത്തില്‍ മൂന്ന് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാന്മാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. 14 സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ബസ്തര്‍ ഐജി പി സുന്ദര്‍രാജ് പറഞ്ഞു.

വനപ്രദേശത്തുവച്ച് ചൊവ്വാഴ്ച വൈകുന്നേരം 4.30നാണ് സ്ഫോടനം നടന്നത്. 27 ജവാന്മാര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ ജവാന്മാരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി.

ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍നിന്ന് അഞ്ച് മാവോയിസ്റ്റുകള്‍ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസമാണ് സ്ഫോടനം നടത്തിയത്. 2015 ല്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്നവരെ അടക്കമാണ് സുരക്ഷാസേനയുടെ പ്രത്യേക സംഘങ്ങള്‍ പിടികൂടിയത്.