ജയ്പുര്‍: കേസ് അന്വേഷണത്തിന്റെ ഭാഗമായി കുറ്റാരോപിതന്റെ വീട്ടിലെത്തി ഭാര്യയെ പീഡിപ്പിച്ചെന്നാരോപിച്ച് എഎസ്‌ഐയെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ടു. രാജസ്ഥാനിലെ ചിത്തോര്‍ഗഡ് ജില്ലയിലെ ഛന്ദേരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. പരാതിക്കാരിയായ സ്ത്രീയോട് ലൈംഗിക വേഴ്ച ആവശ്യപ്പെട്ടതിന്റെ പേരില്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക പൊലീസ് വിഭാഗത്തിലെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ അറസ്റ്റിലായി ഒരാഴ്ച പിന്നിടുമ്പോഴാണു സംസ്ഥാന പൊലീസിനു മാനക്കേടായി പുതിയ കേസ് ഉയര്‍ന്നിരിക്കുന്നത്.

എരുമയെ മോഷ്ടിച്ചെന്നു കാട്ടി സഹോദരന്‍ നല്‍കിയ കേസിലെ പ്രതിയായ ആളുടെ വീട്ടിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ അരങ്ങേറിയത്. കേസ് ഒത്തു തീര്‍പ്പാക്കാന്‍ എഎസ്‌ഐ ശ്യാം ലാല്‍ സുഖ്‌വാല്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും തുക കൈപ്പറ്റാനും അന്വേഷണത്തിന്റെ ഭാഗമായി മൊഴി എടുക്കാനുമായി വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിച്ചെന്നുമാണു സ്ത്രീയുടെ പരാതി. ഇതേ തുടര്‍ന്ന് ഇവരുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് എംഎസ്‌ഐയെ മരത്തില്‍ കെട്ടിയിടുകയായിരുന്നു.

അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ തന്നെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നു തടഞ്ഞുവയ്ക്കുകയും െകട്ടിയിടുകയുമായിരുന്നുവെന്നാണു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഷ്യം.