ലക്‌നൗ: പൊതുസ്ഥലത്ത് നിസ്‌കാരം നിരോധിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശ് പൊലീസ് ഉത്തരവിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. പൊതുസ്ഥലത്ത് ആര്‍.എസ്.എസിന് ശാഖ നടത്താമെങ്കില്‍ എന്തുകൊണ്ട് മുസ്ലീംഗങ്ങള്‍ക്ക് പൊതുസ്ഥലത്ത് നിസ്‌കാരം നടത്തിക്കൂടായെന്ന് അദ്ദേഹം ചോദിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കട്ജു പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചത്.

‘പല പൊതുസ്ഥലങ്ങളിലും ഞാന്‍ ആര്‍.എസ്.എസ് ശാഖകള്‍ കണ്ടിട്ടുണ്ട്. എന്താ മുസ്ലീംങ്ങള്‍ പൊതുജനങ്ങളുടെ ഭാഗമല്ലേ? പൊതു ഇടങ്ങളായ പാര്‍ക്ക് പോലുള്ള സ്ഥലങ്ങളില്‍ അവര്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ എങ്ങനെ വിലക്കാന്‍ കഴിയും?’ ‘നിസ്‌കരിച്ചുകൊണ്ട് അവരെന്താ ആരുടെയെങ്കിലും തലയറുക്കുന്നുണ്ടോ, അല്ലെങ്കില്‍ കാല് തല്ലിയൊടിക്കുന്നുണ്ടോ? വെള്ളിയാഴ്ച പ്രാര്‍ത്ഥന ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണ്. അതും 45 മിനിറ്റോ ഒരു മണിക്കൂറോ മാത്രം.’ അദ്ദേഹം പറയുന്നു.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പാര്‍ക്ക് പോലുള്ള പൊതുയിടങ്ങളില്‍ നിസ്‌കരിക്കുന്നത് വിലക്കി പൊലീസ് ഉത്തരവിറക്കിയിരുന്നു. തൊഴിലാളികള്‍ (ജീവനക്കാര്‍) വിലക്ക് ലംഘിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം അതാത് കമ്പനികള്‍ക്ക് ആയിരിക്കുമെന്നും ഉത്തരവുണ്ട്. ഈ സാഹചര്യത്തിലാണ് മാര്‍കണ്ഡേയ കട്ജു വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.