kerala

കണക്കു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; വിദ്യാര്‍ഥിയുടെ കൈ അടിച്ച് തകര്‍ത്ത് ട്യൂഷന്‍ അധ്യാപകന്‍

By webdesk18

December 30, 2025

കൊല്ലം: ട്യൂഷന്‍ സെന്ററില്‍ നടത്തിയ പരീക്ഷയില്‍ രണ്ടു മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിനിയുടെ കൈ അടിച്ച് തകര്‍ത്ത് അധ്യാപകന്‍. ഏരൂര്‍ നെട്ടയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ട്യൂഷന്‍ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. സംഭവത്തില്‍  ട്യൂഷന്‍ സെന്ററിലെ അധ്യാപകനായ രാജേഷിനെതിരെ പരാതി നല്‍കി രക്ഷിതാക്കള്‍.

കണക്കു പരീക്ഷക്കയില്‍ 40ല്‍38 മാര്‍ക്ക് കിട്ടിയിട്ടും രണ്ടു മാര്‍ക്ക് കുറഞ്ഞതിനാണ്  അധ്യാപകന്‍  വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നതിനായി നാലുമാസമായി ഇവിടെ നൈറ്റ് ക്ലാസ് നടന്നുവരികയായിരുന്നു. മിക്ക ദിവസവും ക്ലാസ് ടെസ്റ്റുകളും പതിവായിരുന്നു.

വിരലുകള്‍ക്ക് പൊട്ടലേറ്റ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ക്ക് കുറഞ്ഞതിന് മറ്റു നിരവധി കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. അതേസമയം പഠിപ്പിച്ച കണക്ക് ബോധപൂര്‍വ്വം കുട്ടി തെറ്റിച്ചതിനാണ് മര്‍ദ്ദിച്ചതെന്ന വിചിത്ര ന്യായമാണ് അധ്യാപകന്‍ രക്ഷിതാക്കളോട് പറഞ്ഞത്. ഇതോടെ രക്ഷിതാക്കള്‍ ട്യൂഷന്‍ സെന്റര്‍ തല്ലി തകര്‍ത്തു. വിഷയം ഏറ്റെടുത്ത് വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ട്യൂഷന്‍ സെന്ററിനും അധ്യാപകനും എതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് രക്ഷിതാക്കളുടെ തീരുമാനം. കെഎസ്ആര്‍ടിസി ജീവനക്കാരനായ അധ്യാപകന്‍ ചട്ടവിരുദ്ധമായാണ് ട്യൂഷന്‍ സെന്റര്‍ നടത്തുന്നതെന്നും പരാതിയുണ്ട്.