ഡല്‍ഹി: ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും മാസ്‌ക് ധരിക്കാതെ പ്രവേശിക്കുന്നത് അഞ്ഞൂറു രൂപ പിഴ വിധിക്കാവുന്ന കുറ്റമാക്കി ഉത്തരവിറക്കി. മാസ്‌ക് ധരിക്കാതെ പ്രവേശിക്കുന്നത് റെയില്‍വേ ആക്ട് പ്രകാരം കുറ്റകരമാണെന്ന് ഉത്തരവില്‍ പറയുന്നു.

കോവിഡ് മാനദണ്ഡം പാലിച്ച് ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം മേയ് പതിനൊന്നിനു തന്നെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനു പുറമേയാണ് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഇപ്പോഴത്തെ ഉത്തരവ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ പരിസരം ശുചിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. സ്റ്റേഷനിലും പരിസരത്തും തുപ്പുക, സമാനമായ വിധത്തില്‍ വൃത്തിഹീനമായി പെരുമാറുക എന്നിവയ്‌ക്കൊപ്പമാണ് മാസ്‌ക് ധരിക്കാത്തതും ശിക്ഷിക്കപ്പെടാവുന്ന കുറ്റങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.