india

താനെയിൽ വൻ മയക്കുമരുന്ന് വേട്ട; 2 കോടിയുടെ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

By sreenitha

January 02, 2026

താനെ: മഹാരാഷ്ട്രയിലെ താനെയിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ 2 കോടി രൂപയിലധികം വിലമതിക്കുന്ന 638 കിലോ കഞ്ചാവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 30ന് മുംബൈ–നാഷിക് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് തെലങ്കാന മഹാബുധൻപൂർ സ്വദേശിയായ ചിന്ന ടാഗൂർ ലക്ഷ്മണിനെ പിടികൂടിയത്.

ഒഡിഷയും തെലങ്കാനയും കേന്ദ്രീകരിച്ച് സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ താനെയെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വലിയ മയക്കുമരുന്ന് വിതരണ സംഘങ്ങൾ സജീവമാണെന്നും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

നിയമവിരുദ്ധ മാർക്കറ്റിൽ രണ്ട് കോടിയിലേറെ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് നിരോധന നിയമപ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജനുവരി മൂന്ന് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.