Connect with us

kerala

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; വിനോദിനിക്ക് കൈവച്ച് നല്‍കും -വി.ഡി. സതീശന്‍

എത്ര രൂപ ചെലവ് വന്നാലും കുട്ടിക്ക് കൈ വെച്ച് നല്‍കാമെന്ന് വി.ഡി. സതീശന്‍ പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു.

Published

on

തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവില്‍ വലതു കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കൈത്താങ്ങായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എത്ര രൂപ ചെലവ് വന്നാലും കുട്ടിക്ക് കൈ വെച്ച് നല്‍കാമെന്ന് വി.ഡി. സതീശന്‍ പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു.

മുഖ്യമന്ത്രി ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും കൃത്രിമ കൈ വയ്ക്കാന്‍ തുക പര്യാപ്തമല്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. കൂടുതല്‍ സഹായം സര്‍ക്കാര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ അടുത്തിടെ കളക്ടറെയും സമീപിച്ചിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ സഹായം. കൃത്രിമ കൈ വയ്ക്കാനുള്ള നടപടികള്‍ ഇന്നുതന്നെ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇത് റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന് നന്ദി എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് പല്ലശ്ശന സ്വദേശിനി വിനോദിനിക്ക് (9) വീണ് പരിക്കേറ്റത്. തുടര്‍ന്ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും ജില്ലാ ആശുപത്രിക്ക് റഫര്‍ ചെയ്യുകയാണ് ചെയ്തത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്നും എക്‌സ് റേ എടുത്ത് പ്ലാസ്റ്റര്‍ ഇട്ട് വിട്ടയച്ചു. വേദന കൂടിയതോടെ 25ന് വീണ്ടും ചികിത്സ തേടി. കയ്യൊടിഞ്ഞാല്‍ വേദനയുണ്ടാവും എന്ന് പറഞ്ഞ് വീണ്ടും തിരിച്ചയക്കുകയാണ് ഉണ്ടായത്. ഒക്ടോബര്‍ അഞ്ചിന് വന്നാല്‍ മതിയെന്ന് പറഞ്ഞാണ് മടക്കി അയച്ചതെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനിടെ പെണ്‍കുട്ടിയുടെ കയ്യിലെ നിറം മാറുകയും വേദന കൂടുകയും ചെയ്തതോടെ കുടുംബം മുപ്പതാം തീയതി വീണ്ടും ആശുപത്രിയില്‍ എത്തുകയായിരുന്നു.

എന്നാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയിലേക്ക് പോവാനാണ് പറഞ്ഞതെന്നാണ് കുടുംബം ആരോപിച്ചത്. ഇതോടെ ജില്ലാ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ് കൈ മുറിച്ചു മാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. വീണു പരിക്കേറ്റ ഒന്‍പതുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഒടുവില്‍ കൈ മുറിച്ച് മാറ്റേണ്ടിവന്നെന്നുമാണ് കുടുംബം പറയുന്നത്. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്.

അതേസമയം, അപൂര്‍വമായി നടക്കുന്ന സംഭവമാണ് ഇതെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. കുട്ടിയ്ക്ക് ഗുരുതരമായ മുറിവ് ഉണ്ടായിരുന്നില്ലെന്നും, നീരോ വേദനയോ ഉണ്ടെങ്കില്‍ വീണ്ടും വരാന്‍ പറഞ്ഞിരുന്നുവെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കി എന്നാണ് ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. കുട്ടിക്കുണ്ടായത് ധമനികളില്‍ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്റ്റ് ഉണ്ടായതോ ആണ് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആശുപത്രിയില്‍ നിന്ന് നല്‍കാവുന്ന എല്ലാ ചികിത്സയും നല്‍കിയെന്നും ചികിത്സ പിഴവില്ലെന്നും കെജിഎംഒഎയും പ്രതികരിച്ചിരുന്നു. എന്നാല്‍ സമഗ്ര റിപ്പോര്‍ട്ട് വരുന്നതിന് മുന്നേയാണ് എല്ലാം ക്ലിയര്‍ ആണെന്ന കെജിഎംഒഎയുടെ വാദം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച് വെള്ളാപ്പള്ളി

കഴിഞ്ഞ ദിവസം ശിവഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെയാണ് വെള്ളാപ്പള്ളി അധിക്ഷേപ പരാമര്‍ശം നടത്തിയത്.

Published

on

ആലപ്പുഴ: മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ ദിവസം ശിവഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെതിരെയാണ് വെള്ളാപ്പള്ളി അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഈ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്‌ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ തീവ്രവാദിയാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നാണ് വിശദീകരണം.

‘കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. മാധ്യമങ്ങളില്‍ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല. എനിക്ക് 89 വയസ്സ് ഉണ്ട്. എന്നോട് ഒരു മര്യാദ ഇല്ലാതെ മാധ്യമങ്ങള്‍ വളഞ്ഞു. റിപ്പോട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് എനിക്ക്. അതിന്റെ മര്യാദപോലും കാണിച്ചില്ല. ഈ ഇരിക്കുന്ന റിപ്പോര്‍ട്ടര്‍ കുന്തവുമായി എന്റെ നേരെ വന്നു. വന്ന ആളെ എനിക്ക് അറിയാം, ഈരാറ്റുപേട്ടക്കാരനാണ്, തീവ്രവാദിയാണ്, എം.എസ്.എഫുകാരനാണ്, മുസ്ലിംകളുടെ വലിയ വക്താവാണ്. ആരോ പറഞ്ഞുവിട്ടതാണ്.. ഞങ്ങള്‍ക്ക് മലപ്പുറത്ത് സ്‌കൂളും കോളജും ഇല്ല എന്നത് കണക്കുവെച്ചാണ് പറഞ്ഞു. അണ്‍എയ്ഡഡ് കോളജ് മാത്രമാണ് അവിടെ ഉള്ളത്. 48 അണ്‍എയ്ഡഡ് കോളജ് മുസ്‌ലിം ലീഗിനുണ്ട്’. വെള്ളാപ്പള്ളി പറഞ്ഞു.

മലപ്പുറത്ത് തങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നില്ലെന്ന പരാമര്‍ശം ആവര്‍ത്തിച്ചപ്പോള്‍, ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷം പിണറായി വിജയന്‍ സര്‍ക്കാര്‍ അനുവാദം തന്നില്ലേ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു വെള്ളാപ്പള്ളി പ്രകോപിതനായത്.

 

 

 

Continue Reading

kerala

ചട്ടങ്ങള്‍ അട്ടിമറിച്ച് ബന്ധുനിയമനം; ആര്‍ സി സിയില്‍ നഴ്‌സുമാരുടെ നിയമനത്തില്‍ ക്രമക്കേട്

റീജിയണല്‍ ക്യന്‍സര്‍ സെന്ററില്‍ ക്രമക്കേടിനൊപ്പം അഴിമതിയും നടന്നുവെന്ന് പരാതിക്കാരനായ മുന്‍ മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകാര്യം ശ്രീകുമാര്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സുമാരുടെ നിയമനത്തില്‍ ക്രമക്കേടെന്ന് പരാതി. ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ശ്രീലേഖ ആര്‍ ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നാണ് ആരോപണം. ചട്ടങ്ങള്‍ അട്ടിമറിച്ചാണ് നിയമനങ്ങള്‍ നടത്തിയതെന്നും പരാതി. റീജിയണല്‍ ക്യന്‍സര്‍ സെന്ററില്‍ ക്രമക്കേടിനൊപ്പം അഴിമതിയും നടന്നുവെന്ന് പരാതിക്കാരനായ മുന്‍ മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകാര്യം ശ്രീകുമാര്‍ പറഞ്ഞു.

27 പേരുടെ ആദ്യ റാങ്ക് പട്ടികയില്‍ നിന്ന് 15 പേരെയാണ് സ്റ്റാഫ് നേഴ്‌സുമാരായി ആര്‍സിസിയില്‍ നിയമിച്ചത്. ചീഫ് നഴ്‌സിംഗ് ഓഫീസറെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിലവിലെ നിയമനങ്ങള്‍ റദ്ദ് ചെയ്ത് പരീക്ഷാ നടപടികള്‍ പുതുതായി നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഉദ്യോഗാര്‍ഥികളില്‍ ചിലരും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ബന്ധുക്കള്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ നിയമന പ്രക്രിയയില്‍ നിന്ന് മാറിനില്‍ക്കണമെന്ന ചട്ടം ചീഫ് നഴ്‌സിംഗ് ഓഫീസര്‍ അട്ടിമറിച്ചു. എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയതും, ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടന്ന അഭിമുഖ പരീക്ഷയിലും ചീഫ് നഴ്‌സിംഗ് ഓഫീസര്‍ പങ്കെടുത്തു. ചീഫ് നഴ്‌സിംഗ് ഓഫീസറുടെ സഹോദരിയുടെ മകള്‍ക്കാണ് പട്ടികയില്‍ ഒന്നാം റാങ്ക്. രണ്ടാം റാങ്ക് മറ്റൊരു ബന്ധുവിനും, പട്ടികയില്‍ വന്ന ആദ്യ പേരുകാരില്‍ അധികവും ചീഫ് നഴ്‌സിംഗ് ഓഫീസറിന്റെ അടുപ്പക്കാരാണെന്നും ആരോപണം ഉണ്ട്.

 

Continue Reading

editorial

പേടിപ്പെടുത്തുന്ന ആരോഗ്യരംഗം

EDITORIAL

Published

on

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കഴിഞ്ഞതിന് പിന്നാലെ രണ്ട് രോഗികള്‍ മരണമടഞ്ഞ സംഭവം കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വ ലിയ ആശങ്കയുണ്ടാക്കുന്നതാണ്. കായംകുളം സ്വദേശി മജീദ് (52), ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത്. അണുബാധയെ തുടര്‍ന്നാണ് മരണം എന്ന ആക്ഷേപവുമായി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്. 25ന് ഡയാലിസിസ് ചെയ്തത് 26 പേരാണ്. ഇതില്‍ 6 പേര്‍ക്ക് അസ്വസ്ഥത ഉണ്ടാകുകയും രോഗികളില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
മരിച്ച രാമചന്ദ്രന് ഡയാലിസിസ് ചെയ്യുന്നതിന് മുന്‍പ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഡയാലിസിസ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ വിറയല്‍ ഉണ്ടായി, രക്തം ഛര്‍ദ്ദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ നിന്ന് വേണ്ട പരിഗണന കിട്ടിയില്ലെന്നും ഗുരുതരാവസ്ഥയിലായിട്ടും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത് വൈകിട്ട് കുടുംബം ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണെന്നും ആരോപണമുണ്ട്. വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ ഐ.സി.യു ഒഴിവില്ലായിരുന്നു. തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. ഗുരുതരാവസ്ഥയില്‍ ഹരിപ്പാട് ആശുപത്രിയില്‍ നിന്ന് വണ്ടാനത്തേക്ക് റഫര്‍ ചെയ്തത് ഐ.സി.യുവില്‍ ഒഴിവുണ്ടോ എന്ന് പോലും നോക്കാതെയാണ് എന്നും ബന്ധുക്കള്‍ പറയുന്നു. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ വിഷയം അറിയില്ലെ ന്നായിരുന്നു പ്രതികരണമെന്നും കുടുംബം പറയുന്നു. ആരോഗ്യ മന്ത്രി ഒന്നും അറിയുന്നില്ല. മന്ത്രി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം. മൈക്കിന് മുന്നില്‍മാത്രം വന്നു നിന്നിട്ട് ഒരു കാര്യവുമില്ലെന്നുമുള്ള രാമചന്ദ്രന്റെ ബന്ധുക്കളുടെ അഭിപ്രായം കേരളത്തിലെ ഓരോ പാവപ്പെട്ടവന്റെയും അഭിപ്രായമാണ്.
അണുബാധയാണ് മരണകാരണമെന്ന പ്രാഥമിക നിഗമനങ്ങളും ബന്ധുക്കളുടെ ആരോപണങ്ങളും ഗൗരവകരമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 26 പേര്‍ ഡയാലിസിസിന് വിധേയരായതില്‍ ആറ് പേര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും അതില്‍ രണ്ട് പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു എന്നത് ചികിത്സാ സുരക്ഷാ മാനദണ്ഡങ്ങളിലെ പാളിച്ചകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന കാഴ്ചകളാകുമ്പോഴും, മറുപടിയില്ലാത്ത ചോദ്യങ്ങള്‍ നിരവധിയാണ് ഉയരുന്നത്. അന്താരാഷ്ട്ര നിലവാരമെന്നും ‘നമ്പര്‍ വണ്‍’ എന്നും അവകാശപ്പെടുമ്പോഴും സമീപകാലത്തായി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഈ അവകാശവാദങ്ങളെ പരിഹസിക്കുന്നതാണ്. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം മുതല്‍ ചികിത്സയ്‌ക്കെത്തിയ കുഞ്ഞിന്റെറെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സാഹചര്യം വരെ നീളുന്ന വീഴ്ചകള്‍ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ഐ.സി.യുകളില്‍ പോലും രോഗികള്‍ സുരക്ഷിതരല്ലാത്ത അവസ്ഥയും മരുന്നുകളുടെയും ഉപകരണങ്ങളുടെയും അഭാവം മൂലം ശസ്ത്രക്രിയകള്‍ മുടങ്ങുന്നതും ഭരണകൂടത്തിന് ചേര്‍ന്നതല്ല.
സംവിധാനങ്ങളുടെ പോരായ്മയും ഉത്തരവാദിത്തമില്ലായ്മയുമാണ് ഇത്തരം വീഴ്ചകളുടെ പ്രധാന കാരണം. ഹരിപ്പാട് സംഭവത്തില്‍ ഡയാലിസിസ് ഉപകരണങ്ങളുടെയും ജലത്തിന്റെയും ഗുണനിലവാരം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പരിശോധനകള്‍ ദുരന്തങ്ങള്‍ സംഭവിച്ചതിന് ശേഷം മാത്രം നടത്തേണ്ട ഒന്നല്ല. കൃത്യമായ ഇടവേളകളില്‍ നടത്തേണ്ട ‘ക്വാളിറ്റി ഓഡിറ്റിംഗ്’ സംവിധാനത്തിലെ വീഴ്ച്ചയാണ് ഇവിടെ പ്രകടമാകുന്നത്. ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അന്വേഷണ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അടിസ്ഥാനപരമായ മാറ്റങ്ങളോ കുറ്റക്കാര്‍ക്കെതിരെയുള്ള കര്‍ശന നടപടികളോ ഉണ്ടാകാത്തതാണ് വീഴ്ചകള്‍ ആവര്‍ത്തിക്കാന്‍ കാരണം. കേരളത്തിന്റെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി യാഥാര്‍ത്ഥ്യങ്ങളെ മൂടിവെച്ചുകൊണ്ടുള്ള പ്രചാരണങ്ങളാണ്. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ തുറന്നുപറയുന്ന ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതും പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നവരെ ശത്രുക്കളായി കാണുന്ന രീതിയും ആരോഗ്യകരമായ ഒരു സമൂഹത്തിന് ഗുണകരമല്ല. ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ളവര്‍ കേവലം പ്രസ്താവനകളില്‍ ഒതുങ്ങാതെ, താഴെത്തട്ടിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്താന്‍ തയ്യാറാകണം.
ആരോഗ്യരംഗത്തെ കേരളത്തിന്റെ മുന്‍കാല നേട്ടങ്ങളെ മുന്‍നിര്‍ത്തി വര്‍ത്തമാനകാലത്തെ വീഴ്ചകളെ ന്യായികരിക്കുന്നത് അപകടകരമാണ്. ജനങ്ങളുടെ ജീവന്‍ വെച്ചുള്ള പരീക്ഷണങ്ങള്‍ അനുവദിക്കാനാവില്ല. ഹരിപ്പാട് സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം, സംസ്ഥാനത്തെ മുഴുവന്‍ ഡയാലിസിസ് കേന്ദ്രങ്ങളിലും മറ്റ് തീവ്രപരിചരണ വിഭാഗങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണം. വീമ്പു പറച്ചിലുകള്‍ക്കപ്പുറം സുരക്ഷിതമായ ചികിത്സ ഉറപ്പാക്കുക എന്നതാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക കടമ.

 

Continue Reading

Trending