News

ഇന്തോനേഷ്യയില്‍ വന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം; അപായ മുന്നറിയിപ്പ്

By webdesk17

June 19, 2025

ഇന്തോനേഷ്യയില്‍ വന്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനം. മൗണ്ട് ലെവോട്ടോബി ലക്കി ലക്കി പര്‍വതമാണ് പൊട്ടിത്തെറിച്ചത്. തെക്കന്‍-മധ്യ ഇന്തോനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ഫ്‌ലോറസിന് മുകളില്‍ 6.8 മൈല്‍ (11 കിലോമീറ്റര്‍) ചൂടുള്ള ചാരക്കൂമ്പാരം അഴിച്ചുവിട്ടതായി രാജ്യത്തെ ജിയോളജി ഏജന്‍സി അറിയിച്ചു.

ഉദ്യോഗസ്ഥര്‍ രാജ്യത്തെ ഏറ്റവും വലിയ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തുടര്‍ന്ന് വിനോദസഞ്ചാരികളോട് അകന്നു നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിന്നാലെ ബാലിയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സര്‍വിസുകള്‍ റദ്ദാക്കി. ജക്കാര്‍ത്തയിലേക്കും ലോംബോക്കിലേക്കും ആസ്ട്രേലിയ, ചൈന, ഇന്ത്യ, മലേഷ്യ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുമുള്ള സര്‍വിസുകളും അവയില്‍ ഉള്‍പ്പെടുന്നു.

ആദ്യം ചെറു സ്‌ഫോടനങ്ങളും പിന്നാലെ വന്‍ സ്‌ഫോടനങ്ങളും ഉണ്ടാവുകയായിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ 50 വരെ ചെറു സ്‌ഫോടനങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് 1,584 മീറ്റര്‍ ഉയരമുള്ള ഇരട്ട അഗ്‌നിപര്‍വ്വതം ബുധനാഴ്ച രാവിലെ വീണ്ടും പൊട്ടിത്തെറിച്ചു.

സമീപ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് ഒഴുകുന്ന ലാവാ പ്രവാഹത്തിന്റെ കാരണമായി കനത്ത മഴക്ക് സാധ്യതയുള്ളതായി താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മെയ് മാസത്തിലാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചത്. കഴിഞ്ഞ നവംബറില്‍ അഗ്‌നിപര്‍വ്വതം നിരവധി തവണ പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് ആളുകളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തിരുന്നു.