ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്ന നിര്‍ണായക ഘട്ടത്തില്‍ പ്രധാനമന്ത്രി തെരേസ മേയ് നടത്തിയ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപനം ബ്രിട്ടീഷ് ജനത ഞെട്ടലോടെയാണ് ശ്രവിച്ചത്. 2020നുമുമ്പ് രാജ്യത്ത് തെരഞ്ഞെടുപ്പുണ്ടാവില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി പദം ഏറ്റെടുത്ത മേയുടെ നിലപാടുമാറ്റത്തിന്റെ കാരണം വ്യക്തമല്ല.
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇടക്കാല തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ പുതിയ തീരുമാനത്തിലേക്ക് പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമാണെന്ന അന്വേഷണത്തിലാണ് ബ്രിട്ടീഷ് രാഷ്ട്രീയ വിദഗ്ധരിപ്പോള്‍. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പ് മാത്രമാണ് ഏക മാര്‍ഗമെന്നാണ് മേയുടെ വാദം. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തന്റെ ബ്രെക്‌സിറ്റ് പദ്ധതികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ക്കുന്നതാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് നിര്‍ബന്ധിച്ചതെന്നും അവര്‍ പറയുന്നു.
യൂറോപ്യന്‍ യൂണിയന്‍ നേതൃത്വവുമായി നടക്കാനിരിക്കുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വിലങ്ങുതടിയാകും. ബ്രെക്‌സിറ്റ് നടപടികള്‍ തുടങ്ങുന്നതിനുമുമ്പ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കാനാണ് മേയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടുണ്ട്. തന്റെ പല നീക്കങ്ങള്‍ക്കും പാര്‍ലമെന്റ് തടസം നില്‍ക്കുമെന്ന ഭയമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാരണമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് അടക്കം ശക്തമായ സമ്മര്‍ദ്ദമാണ് മേയ് നേരിടുന്നത്.
ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ തന്നെ പല പാര്‍ലമെന്റ് അംഗങ്ങളും ബ്രെക്‌സിറ്റിന് എതിരാണ്. അത്തരമൊരു സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകകയെന്ന ഭാരിച്ച ഉത്തരവാദിത്തം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്ന ചോദ്യം മേയെ തളര്‍ത്തുന്നുണ്ട്.
തെരഞ്ഞെടുപ്പില്‍ മേയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് എങ്ങനെ ഉറപ്പുപറയാന്‍ സാധിക്കുമെന്ന ചോദ്യവും ശക്തമാണ്.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഒരു പാര്‍ലമെന്റാണ് നിലവില്‍ വരുന്നതെങ്കില്‍ ബ്രിട്ടന്റെ ബ്രെക്‌സിറ്റ് സ്വപ്‌നങ്ങള്‍ അപ്പാടെ തകരുമെന്ന് മാത്രമല്ല, രാജ്യം രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും.
രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനു പകരം അരാജകത്വമുണ്ടാകാനാണ് അത്തരമൊരു സാഹചര്യം കാരണമാവുക. മേയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. തകര്‍ന്ന സമ്പദ്ഘടനയെ കെട്ടിപ്പടുക്കാനും ഭൂരിപക്ഷമുള്ള ഒരു ഭരണകൂടം ഉറപ്പാക്കാനും തങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ബ്രെക്‌സിറ്റ് എന്ന ബാലികേറാമലയില്‍ന്ന് സ്വയം ഒളിച്ചോടാനുള്ള ശ്രമമാണോ ഇടക്കാല തെരഞ്ഞെടുപ്പിലൂടെ മേയ് ലക്ഷ്യമിടുന്നതെന്ന ചോദ്യവും പ്രസക്തമാണ്. യൂറോപ്പില്‍നിന്ന് പുറത്തുപോകുമ്പോള്‍ പല നൂലാമാലകളും പരിഹരിക്കാന്‍ ബ്രിട്ടന് സാധിച്ചെന്നുവരില്ല. കുടിയേറ്റം അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ സാധിക്കാതെ തളരേണ്ടിവരും. ഹിതപരിശോധനയിലൂടെ ബ്രെക്‌സിറ്റിന് ജനകീയാംഗീകാരം വാങ്ങിയതല്ലാതെ തുടര്‍ന്നുള്ള വഴിയില്‍ ഒരിഞ്ച് മുന്നോട്ടുപോകാന്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.
യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള വേര്‍പിരിയല്‍ എത്രമാത്രം സാഹസികമാണെന്ന് അത് സൂചിപ്പിക്കുന്നു. അതിനെല്ലാം പുറമെയാണ് സ്‌കോട്‌ലന്‍ഡില്‍ ശക്തിയാര്‍ജിച്ചിരിക്കുന്ന സ്വാതന്ത്ര്യ വാദം. സ്വതന്ത്ര്യ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സ്‌കോട്ടിഷ് ഭരണകൂടം ബ്രിട്ടീഷ് പാര്‍ലമെന്റിനെ സമീപിച്ചുകഴിഞ്ഞു. സ്‌കോട്‌ലന്‍ഡിലെ സ്വതന്ത്ര രാഷ്ട്ര കോലാഹലങ്ങളും ബ്രെക്‌സിറ്റും എങ്ങനെ നേരിടുമെന്ന ചോദ്യവും മേയുടെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ സ്വാധീനിച്ചിട്ടുണ്ടാകാം.
ബ്രെക്‌സിറ്റിനുമുമ്പ് ബ്രിട്ടനില്‍നിന്ന് പുറത്തുപോകാനാണ് സ്‌കോട്ടീഷ് ദേശീയവാദികള്‍ ആഗ്രഹിക്കുന്നത്.