ന്യൂഡല്‍ഹി: ബി.എസ്.പി നേതാവ് മായാവതി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു. സഭയില്‍ ദളിത് ആക്രമണം ചര്‍ച്ച ചെയ്യാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്‍പതുമാസം നിലനില്‍ക്കെയാണ് രാജിവെക്കുന്നത്. ഉപരാഷ്ട്രപതിക്ക് മായാവതി രാജിക്കത്ത് കൈമാറി.

ഗോരക്ഷകരുടെ പേരിലുള്ള ആക്രമണം ഉന്നയിക്കാന്‍ അനുമതി നല്‍കിയില്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മായാവതി പറഞ്ഞു. സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് മായാവതി സഭയില്‍ നേരത്തെ അറിയിച്ചിരുന്നു. സഭയില്‍ വാക്ക്ഔട്ട് നടത്തിയ മായാവതിയെ അനുകൂലിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് സഭ പിരിയുകയായിരുന്നു. ഇതിനു പിന്നാലെയാണ് മായാവതി രാജി പ്രഖ്യാപിച്ചത്.