ലക്‌നൗ: മുത്തലാഖ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി രംഗത്ത്. മോദി ആര്‍എസ്എസ് അജണ്ട ഒരു പ്രത്യേക മതവിഭാഗത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കരുതെന്ന് മായാവതി ആവശ്യപ്പെട്ടു.

ശരീഅത്തുമായി ബന്ധപ്പെട്ട് ബിജെപിയും കേന്ദ്രവും കളിക്കുകയാണെന്നും അത്തരം വിഷയങ്ങള്‍ മുസ്ലിംകള്‍ക്ക് തന്നെ വിട്ടുനല്‍കുകയാണ് വേണ്ടതെന്നും മായാവതി പറഞ്ഞു. ബി.ജെ.പി അടുത്ത തെരഞ്ഞെടുപ്പില്‍ മുത്തലാഖ് രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുകയാണെന്നും മായാവതി ആരോപിച്ചു.

ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും മുസ്ലിം വ്യക്തി നിയമം, മുത്തലാഖ്, ഏകസിവില്‍ കോഡ് എന്നീ വിഷയങ്ങളില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ നീച രാഷ്ട്രീയം കളിക്കാനാണ് ബിജെപിയുടെ തീരുമാനം. ബി.എസ്.പി ഇതിനെ പൂര്‍ണമായും എതിര്‍ക്കുന്നു- മായാവതി പറഞ്ഞു.