Connect with us

Views

മെല്‍ബണില്‍ 95,569 കാണികള്‍ സാക്ഷി; മെസിക്ക് ശ്വാസം

Published

on

മെല്‍ബണ്‍: 95,569 പേര്‍….. ഇത്രയും കാണികള്‍ക്ക് മുന്നില്‍ ബ്രസീലോ, അര്‍ജന്റീനയോ കളിക്കുന്നത് അപൂര്‍വ്വമാണ്. ലക്ഷോപലക്ഷം ടെലിവിഷന്‍ പ്രേക്ഷകര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സൂപ്പര്‍ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ പ്രതീക്ഷിക്കപ്പെട്ട സൗന്ദര്യമോ ആവേശമോ മൈതാനത്ത് കണ്ടില്ല- ഒന്നാം പകുതിയുടെ അവസാനത്തില്‍ പിറന്ന ഒരു ഗോളുമായി അര്‍ജന്റീന തല ഉയര്‍ത്തി. തോല്‍വികളുടെ നിരാശാമുഖത്ത്, പുതിയ പരിശീലകന് കീഴില്‍, യുവതാരങ്ങളുടെ സമ്പര്‍ക്കത്തില്‍ ടീമിന് ജയം നേടാനായത് ആശ്വാസമാണെങ്കില്‍ ബ്രസീലുകാര്‍ നിര്‍ഭാഗ്യവാന്മാരായിരുന്നു. ഗബ്രിയേല്‍ ജിസസ് സുന്ദരമായ അവസരം പാഴാക്കിയപ്പോള്‍ മൂന്ന് തവണ അവരുടെ ഗോള്‍ ശ്രമത്തിന് മുന്നില്‍ ക്രോസ്ബാര്‍ വില്ലനായി.ആദ്യ പകുതിയുടെ അവസാനത്തില്‍ ഗബ്രിയേല്‍ മെര്‍ഗാദോയാണ് വിജയ ഗോള്‍ നേടിയത്. പുതിയ കോച്ച് ജോര്‍ജ് സാംപോളിക്കും ലോകകപ്പില്‍ തപ്പിതടയുന്ന അര്‍ജന്റീനക്കും പുതുശ്വാസമാണ് ഈ മെല്‍ബണ്‍ വിജയം. മെസിയും പുതിയ മെസിയെന്ന വിശേഷണമുളള പൗളോ ഡി ബാലെയും ഒരുമിക്കുമ്പോള്‍ അര്‍ജന്റീന കുതിക്കുമെന്ന് കരുതിയെങ്കിലും ഈ കോമ്പിനേഷന്‍ ക്ലിക് ചെയ്തില്ല. രണ്ടാം പകുതിയില്‍ ഡി ബാലെയെ കോച്ച് പിന്‍വലിച്ചു. മെസിയാവട്ടെ പഴയ ഫോമിന്റെ നിഴലാവുകയും ചെയ്തു. രണ്ടാം പകുതിയില്‍ ഗബ്രിയേല്‍ ജീസസിലുടെ ഉറച്ച ഗോള്‍ നേട്ടത്തിനരികില്‍ അത് തടഞ്ഞ ഡിഫന്‍ഡര്‍ ഓട്ടോമാന്‍ഡിയോട് അര്‍ജന്റീന കട്ടപ്പെട്ടിരിക്കുന്നു. അര്‍ജന്റീനയുടെ കുതിപ്പിലാണ് മല്‍സരം ആരംഭിച്ചത്. ആറാം മിനുട്ടില്‍ ഡി മരിയയുടെ ഷോട്ടിന് ക്രോസ് ബാര്‍ തടസമായി. പതിനാറാം മിനുട്ടില്‍ ബ്രസീലിന്റെ കൂട്ടിനോയുടെ സുന്ദരമായ ഗോള്‍ ശ്രമം അര്‍ജന്റീന കോര്‍ണര്‍ കിക്കിന് വഴങ്ങി രക്ഷപ്പെടുത്തി.നാല്‍പ്പത്തി രണ്ടാം മിനുട്ടില്‍ ആഞ്ചലോ ഡി മരിയ നല്‍കിയ ക്രോസില്‍ ഡി ബാലെയുടെ ഒന്നാന്തരം ഹാഫ് വോളി ബ്രസീല്‍ ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്ത്. അടുത്ത മിനുട്ടില്‍ തീര്‍ത്തും അപ്രതീക്ഷിതമായി അധികമാരുമറിയാത്ത മെര്‍ഗാദോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ഓട്ടോമാന്‍ഡിയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ ബാറില്‍ തട്ടി തെറിച്ചപ്പോള്‍ കാത്തിരുന്ന ഗബ്രിയേല്‍ മെര്‍ഗാദോ പന്തടിച്ച് വലയില്‍ കയറ്റുകയായിരുന്നു.

ആദ്യ പകുതിയില്‍ ലീഡുമായി പോയ അര്‍ജന്റീനയെ വിറപ്പിക്കുന്ന പ്രകടനമാണ് രണ്ടാം പകുതിയില്‍ ബ്രസീല്‍ നടത്തിയത്. അമ്പത്തിയൊമ്പതാം മിനുട്ടില്‍ മൂന്ന് അര്‍ജന്റീനിയന്‍ ഡിഫന്‍ഡര്‍മാരെ മറികടന്നുള്ള പൗളോ കുട്ടിനോയുടെ ശ്രമം അര്‍ജന്റീനിയന്‍ ഗോള്‍ക്കീപ്പര്‍ സെര്‍ജി റോമിറോ തടഞ്ഞു. അടുത്ത മിനുട്ടില്‍ പെനാല്‍ട്ടി ബോക്‌സിന് തൊട്ടരികില്‍ നിന്നും ബ്രസീലിന് ലഭിച്ച ഫ്രീകിക്ക് വില്ലിയാന് ഉപയോഗപ്പെടുത്താനായില്ല. പിറകെ ബ്രസീലിന്റെ നിര്‍ഭാഗ്യം പ്രകടമായി. ഗോള്‍ക്കീപ്പറെയും പരാജയപ്പെടുത്തിയ ഗബ്രിയേല്‍ ജീസസിന് മുന്നില്‍ അര്‍ജന്റീനിയന്‍ ഡിഫന്‍ഡര്‍ ഒട്ടിമാന്‍ഡോ വിലങ്ങായി. ഇരുവരും മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഒരുമിച്ച് കളിക്കുന്നവരാണ്. റീ ബൗണ്ട് ചെയ്ത പന്ത് ജീസസ് അടിച്ചപ്പോഴാവട്ടെ ബാറില്‍ തട്ടി തെറിച്ചു. അവസാന സമയങ്ങളില്‍ തിരിച്ചടിക്കാന്‍ ബ്രസീല്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോള്‍ മടക്കാന്‍ അവര്‍ക്കായില്ല. 95,000 പേരാണ് മല്‍സരം ആസ്വദിക്കാനെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

നാളെയെ സ്വപ്‌നം കണ്ട നായകന്‍

ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച വര്‍ ഒട്ടേറെയുണ്ട്. എന്നാല്‍ ചരിത്രം തന്നെ സൃഷ്ടിച്ചവര്‍ അത്യപൂര്‍വമാണ്. ഒരു കാലഘട്ടത്തിന്റെ വര്‍ണാഭമായ ചിത്രം സ്വന്തം ജീവ ചരിത്രമാക്കി മാറ്റാന്‍ കഴിഞ്ഞ സി.എച്ചിനെ പഠിക്കാനും പകര്‍ത്താനും പുതിയ തലമുറ തയാറാകണം.

Published

on

നവാസ് പൂനൂര്‍

വാടിക്കരിഞ്ഞ സ്വപ്‌നങ്ങളുമായി മോഹഭംഗത്തിന്റെ മൂടുപടത്തിനുള്ളില്‍ നിദ്രയിലായിരുന്ന സമൂഹത്തെ വിളിച്ചുണര്‍ത്തിയത് സി.എച്ചായിരുന്നു. പ്രതീക്ഷയുടെ തീരത്തേക്ക് അവരെ അദ്ദേഹം കൈ പിടിച്ച് നടത്തി. അധികാരത്തിന്റെ ചെങ്കോല്‍ പിടിക്കാനുള്ള കരുത്തുണ്ട് ആ കരങ്ങള്‍ക്ക് എന്നദ്ദേഹം ബോധ്യപ്പെടുത്തി.

സി.എച്ച് വെറും രാഷ്ട്രീയക്കാരനായിരുന്നില്ല, രാഷ്ട്രതന്ത്രജ്ഞനായിരുന്നു. രാഷ്ട്രീയക്കാരന്‍ അടുത്ത തിരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ രാഷ്ട തന്ത്രജ്ഞന്‍ അടുത്ത തലമുറയെക്കുറിച്ചാണ് ചിന്തിക്കുക. സി.എച്ചിന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നത് അടുത്ത തലമുറയായിരുന്നു. ആ തലമുറയാണ് ഇന്ന് അന്തസോടെ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത്. എന്തായിരുന്നു സി.എച്ച് എന്ന് ചോദിക്കുന്നതിനേക്കാള്‍ എളുപ്പം എന്തായിരുന്നില്ല സി.എച്ച് എന്ന് ചോദിക്കുന്നതാണ്. ഹ്രസ്വമായ ജീവിതത്തിനിടയില്‍ ഒരു നേതാവിന് വളരാവുന്നത്ര വളര്‍ന്നു, ഒരു ഭരണാധികാരിക്ക് ഉയരാവുന്നത്ര ഉയര്‍ന്നു. ശാഖാ മുസ്‌ലിംലീഗ് സെക്രട്ടറി സ്ഥാനം മുതല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനം വരെ, മുനിസിപ്പല്‍ കൗണ്‍സിലര്‍ മുതല്‍ കേരള സംസ്ഥാന മുഖ്യമന്ത്രി വരേ. സംഭവബഹുലമായ ആ വളര്‍ച്ച തുല്യതയില്ലാത്തതായിരുന്നു. ഒരു യുഗം കൊണ്ട് ചെയ്തുതീര്‍ക്കേണ്ടതെല്ലാം ചെയ്ത അത്ഭുത പ്രതിഭാസമായിരുന്നു അദ്ദേഹം. ഒരു പൂവ് ചോദിച്ചപ്പോള്‍ ഒരു വസന്തം നല്‍കിയ ഇന്ദ്രജാലം അവിശ്വസനീയമാണ്. ജാടയും പ്രകടനപരതയും ഘോഷയാത്ര നടത്തുന്ന കാപട്യം കലര്‍ന്ന രാഷ്ട്രീയത്തിന് സി.എച്ച് അന്യനായിരുന്നു.

ഇന്നത്തെ നേതാക്കളെല്ലാം അവാര്‍ഡുകളും പുരസ്‌കാരങ്ങളുംകൊണ്ട് ശ്വാസം മുട്ടിയപ്പോള്‍ സി.എച്ച് ജനലക്ഷങ്ങളുടെ സ്‌നേഹപ്രകടനങ്ങളാല്‍ പെറുതിമുട്ടി. സി.എച്ചിനെതിരെ പ്രചണ്ഡമായ ദുഷ്പ്രചാരണങ്ങളുണ്ടായപ്പോഴും തികച്ചും അക്ഷോഭ്യനായി സുസ്‌മേരവദനനായി വിനയാന്വിതനായി തല ഉയര്‍ത്തി അദ്ദേഹം പറഞ്ഞു: ‘ജനകോടികളുടെ ഹൃദയ സിംഹാനങ്ങളിലാണ് എന്റെ സ്ഥാനം. അവിടെ നിന്നെന്നെ കുടിയിറക്കാന്‍ ഒരു പ്രചാരണ കോലാഹലങ്ങള്‍ക്കും കഴിയില്ല’. അധികാരം വിട്ട്, പദവികള്‍ വിട്ട് ഒരു മന്ദമാരുതനായി ഇറങ്ങിയ അദ്ദേഹം ഒരു കൊടുങ്കാറ്റായി തിരിച്ചുവരുന്നതാണ് കേരളം കണ്ടത്.

ബി.ജെ.പി നേതാവ് മാരാര്‍ പോലും പറഞ്ഞു ‘ക്രിസ്ത്യന്‍ ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ പ്രതീകമാണ് സി.എച്ച്.എം കോയ ‘ശ്രീകൃഷ്ണ ജയന്തി അവധിയായി പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി, മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകം മാത്രമല്ല പൂന്താനം സ്മാരകവും സ്ഥാപിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി, സാഹിത്യ അക്കാദമിയിലേക്ക് മുസ്‌ലിംലീഗിന്റെ കടുത്ത വിമര്‍ശകനായ പള്ളിക്കര വി.പി മുഹമ്മദിനെ നോമിനേറ്റ് ചെയ്തപ്പോള്‍ പരാതിയുമായെത്തിയവരോട് സി.എച്ച് പറഞ്ഞത് ‘ഞാനേല്‍പ്പിച്ച പണിക്ക് വി.പി പറ്റും’ എന്നായിരുന്നു.

1957 ലെ പ്രഥമ നിയമസഭാതിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് എട്ട് സീറ്റില്‍ വിജയിച്ചു. സി.എച്ച് മത്സരിച്ചത് താനൂരില്‍ നിന്നായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി അസ്സനാര്‍ കുട്ടിയെ ദയനീയമായി പരാജയപ്പെടുത്തിയാണ് സി.എച്ച് തിരഞ്ഞെടുക്കപ്പെട്ടത്. ചാക്കീരി അഹമ്മദ്കുട്ടി, അഹമ്മദ് കുരിക്കള്‍, അവുക്കാദര്‍കുട്ടി നഹ, കെ ഹസ്സന്‍ ഗനി, ബാവ ഹാജി, എം ചടയന്‍, കെ.വി മുഹമ്മദ് എന്നിവരായിരുന്നു മറ്റ് എം.എല്‍.എമാര്‍. സി.എച്ച് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി. പ്രഥമ ഇ.എം. എസ് സര്‍ക്കാറിനെതിരെ 1959ല്‍ വിമോചനസമരം നടന്നു. ജൂലൈ 31ന് സര്‍ക്കാര്‍ പിരിച്ച്‌വിട്ട് രാഷ്ട്രപതി ഭരണം ഏറ്റെടുത്തി. 1960ല്‍ വീണ്ടും നിയമസഭാതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് മുസ്‌ലിംലീഗ് പി.എസ്.പി ഐക്യമുന്നണി വന്‍ ഭൂരിപക്ഷം നേടി. മുസ്‌ലിം ലീഗ് 11 സീറ്റില്‍ വിജയിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ലിമെന്റിലേക്ക് മത്സരിച്ചിരുന്ന സീതി സാഹിബ് നിയമസഭയിലെത്തി, കുറ്റിപ്പുറത്ത് നിന്ന്. സി.എച്ച് മൃഗീയ ഭൂരിപക്ഷത്തോടെ താനൂരില്‍ നിന്ന്തന്നെ തിരഞ്ഞെടുക്കപ്പെട്ടു. സി.എച്ചിന്റെ മൂന്നിലൊന്ന് വോട്ട് പോലും തൊട്ടടുന്ന എതിരാളിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നടുക്കണ്ടി മുഹമ്മദ് കോയക്ക് കിട്ടിയില്ല. സീതിസാഹിബ് സ്പീക്കറായി, അദ്ദേഹത്തിന്റെ മരണത്തെതുടര്‍ന്ന് സി.എച്ച് സ്പീക്കറായി. 1961 നവംബര്‍ 10 ന് സി. എച്ച് രാജിവെച്ചു (ഈ കാലഘട്ടത്തിലെ രാഷ്ട്രീയ ചരിത്രം പ്രസക്തമല്ലാത്തതിനാല്‍ വിശദീകരിക്കുന്നില്ല). 1962 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സി.എച്ച് കോഴിക്കോട്ട്‌നിന്ന് മത്സരിച്ചു. പി.എസ്.പി പിന്തുണയോടെ കഴിഞ്ഞതവണ മത്സരിച്ച സീതി സാഹിബിനെ വിജയിപ്പിക്കാന്‍ കഴിയാത്ത മുസ്‌ലിംലീഗ് തനിച്ച് മത്സരിച്ച് സി.എച്ചിനെ വിജയിപ്പിച്ചു. സിറ്റിംഗ് എം. പി കോണ്‍ഗ്രസിലെ കെ.പി കുട്ടികൃഷ്ണന്‍ നായര്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ എച്ച് മഞ്ചുനാഥ റാവു, ജനസംഘത്തിലെ ടി. എന്‍ ഭരതന്‍ എന്നിവരാണ് തോറ്റത്. ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ തോറ്റ എസ്.കെ പൊറ്റക്കാട്ട് വടകരയിലേക്ക് മാറി, മുസ്‌ലിംലീഗ് പിന്തുണ തേടി സി.എച്ചിനേയും ബാഫഖി തങ്ങളേയും എസ്. കെ കണ്ടു. വടകരയില്‍ പിന്തുണ തരാനാവില്ല, തലശേരിയില്‍ തന്നെ വീണ്ടും മത്സരിച്ചാല്‍ ജയിപ്പിച്ച് തരാമെന്നാണ് മുസ് ലിംലീഗ് നേതാക്കള്‍ അറിയിച്ചത്. എസ്. കെ പ്രയാസത്തിലായി.

ഒടുവില്‍ അദ്ദേഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കമ്യൂണിസ്റ്റ് പാര്‍ട്ടി എസ്.കെയെ തലശ്ശേരിയില്‍ തന്നെ നിര്‍ത്തി. ഏറ്റവും വലിയ ഭൂരിപക്ഷത്തിന് എസ്.കെ വിജയിച്ചു. എസ്.കെ ഞെട്ടിപ്പോയി. സി.എച്ചിനെ കണ്ട് നന്ദി പറയാന്‍ വന്നു. സി.എച്ച് പറഞ്ഞു: ‘നന്ദി വാക്കുകളില്‍ പോര’. ‘എന്ത് വേണമെങ്കിലും ആവാം’ എന്ന് എസ്.കെ. സി.എച്ച് പറഞ്ഞു: ‘ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഒരു നോവല്‍ വേണം, ചന്ദ്രികക്ക്’. എസ്. കെ ഏറ്റു. വാക്ക് പാലിച്ച എസ്.കെ പിന്നീട് എഴുതിയ ആദ്യ നോവല്‍ നോര്‍ത്ത് അവന്യൂ ചന്ദ്രികക്ക് നല്‍കി.

ഒരു സാദാ പ്രസംഗകന്‍ ഏറ്റ യോഗത്തില്‍ അയാള്‍ എത്തിയില്ലെന്നറിഞ്ഞ സി.എച്ച് ഒഴിവ് കിട്ടിയപ്പോള്‍ ആ യോഗത്തില്‍ പോയി പ്രസംഗിച്ചത് ആരെയും ഞെട്ടിക്കാനായിരുന്നില്ല, നരിക്കുനിക്കടുത്ത് മണ്ണാര്‍കണ്ടി അബൂബക്കര്‍ എന്ന ഒരു പാവം മുസ്‌ലിംലീഗ് പ്രവര്‍ത്തകനെ കണ്ട് സ്റ്റേറ്റ് കാറ് നിര്‍ത്തി കുശലം പറഞ്ഞ ആഭ്യന്തരമന്ത്രിയെ എനിക്കറിയാം, വയനാട്ടിലെ സി.എച്ച് മൊയ്തു എന്ന മുസ് ലിംലീഗ് പ്രവര്‍ത്തകന്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചെന്നറിഞ്ഞ് കാറിനും ഓട്ടോക്കും കാത്തുനില്‍ക്കാതെ ചന്ദ്രികയില്‍നിന്ന് പുറത്തിറങ്ങി സിറ്റി ബസ്സിന് കൈ കാണിച്ച് കയറിപ്പോയ ചീഫ് എഡിറ്ററും സി.എച്ചായിരുന്നു.

അരീക്കോട്ടെ അബ്ദുസലാം മൗലവിയുടെ പ്രസംഗം എഴുതി ചന്ദ്രികയിലെത്തിച്ചത് വിദ്യാഭ്യാസ മന്ത്രിയായിരുന്നു, ചെറിയ ചായക്കടക്ക് മുമ്പില്‍ മന്ത്രിയുടെ കാര്‍ നിര്‍ത്തി മകളുടെ കല്യാണത്തിന് കനകക്കുന്ന് കൊട്ടാരത്തിലേക്ക് കടക്കാരനെ ക്ഷണിച്ച സി.എച്ചിന്റെ ചിത്രം ചുമരില്ല ഹൃദയത്തിലാണയാല്‍ ചില്ലിട്ട് സൂക്ഷിച്ചത്. മഞ്ചേരിയിലെ ഒരു പഴയകാല മുസ്‌ലിംലീഗ് പ്രവര്‍ത്തകനെക്കുറിച്ച് പരാതിയുമായി എത്തിയവരോട് എല്ലാ പ്രമാണിമാരും മു സ്‌ലിംലീഗ് വിട്ടപ്പോള്‍ മുസ്‌ലിംലീഗ് സംഘടിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ആ പ്രവര്‍ത്തകന്റെ ആത്മാര്‍ഥതയെക്കുറിച്ചും അയാള്‍ക്ക് പ്രചോദനമായ മാനു കുരിക്കളെക്കുറിച്ചുമാണ് സി.എച്ചിന് പറയാനുണ്ടായിരുന്നത്.

ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച വര്‍ ഒട്ടേറെയുണ്ട്. എന്നാല്‍ ചരിത്രം തന്നെ സൃഷ്ടിച്ചവര്‍ അത്യപൂര്‍വമാണ്. ഒരു കാലഘട്ടത്തിന്റെ വര്‍ണാഭമായ ചിത്രം സ്വന്തം ജീവ ചരിത്രമാക്കി മാറ്റാന്‍ കഴിഞ്ഞ സി.എച്ചിനെ പഠിക്കാനും പകര്‍ത്താനും പുതിയ തലമുറ തയാറാകണം.

Continue Reading

columns

സി.എച്ച്: വിദ്യാഭ്യാസ പുരോഗതിയുടെ രണ്ടക്ഷരം

മന്ത്രിയെന്ന നിലയില്‍ സി.എച്ച് കൈകാര്യംചെയ്ത വകുപ്പുകളിലെല്ലാം തന്റെ അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് വിദ്യാഭ്യാസ വകുപ്പിലാണെന്നു മാത്രം. കേരളത്തിന്റെ വിദ്യാഭ്യാസവളര്‍ച്ചയില്‍ ഏറ്റവുമധികം സംഭാവന നല്‍കിയത് സി.എച്ച് തന്നെയാണ്. പി.ഡബ്ല്യു.ഡിയിലും മറ്റ് വകുപ്പുകളിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിസ്മരിക്കാനാവില്ല.

Published

on

എ.കെ ആന്റണി

അതികായന്മാരായ നേതാക്കളുടെ മുന്‍നിരയിലാണ് സി.എച്ച് മുഹമ്മദ് കോയയുടെ സ്ഥാനം. കേവലമൊരു രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല സി.എച്ച്. കേരളത്തിലുണ്ടായിട്ടുള്ള ഭരണാധികാരികളിലും അദ്ദേഹത്തിന്റെ സ്ഥാനം മുന്നില്‍ തന്നെയാണ്. കേരളത്തില്‍ നടന്ന വലിയ സാമൂഹ്യവിപ്ലവത്തിന് നേതൃത്വം നല്‍കിയ നേതാവ് എന്ന നിലയിലാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. കുറേനാളായി കേരളത്തിലെ വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ നിരീക്ഷിക്കുമ്പോള്‍, ഒരു കാലഘട്ടത്തില്‍ മുസ്‌ലിം സമുദായം, പ്രത്യേകിച്ച് മലബാറിലെ മുസ്‌ലിം സമൂഹം വിദ്യാഭ്യാസ മേഖലയില്‍ വളരെ പിന്നാക്കമായിരുന്നു. ആ പിന്നാക്കാവസ്ഥ പൂര്‍ണായി മാറിയില്ലെങ്കിലും വളരെയേറെ മാറ്റമുണ്ടായിട്ടുണ്ട്. അതിനേക്കാള്‍ പരിതാപകരമായിരുന്നത് കേരളത്തിലൊട്ടാകെ മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസരംഗത്ത് നേരിട്ടിരുന്ന പ്രശ്‌നങ്ങളാണ്. സമുദായം തന്നെ മുസ്‌ലിം പെണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അയക്കാന്‍ തല്‍പരരായിരുന്നില്ല. ഈ സ്ഥിതി മാറ്റിയെടുത്തതില്‍ കേരളത്തിലെ ഒരുപാട് സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ക്കും ഭരണാധികാരികള്‍ക്കും പങ്കുണ്ട്. അവരില്‍ ഏറ്റവും മുന്നിലാണ് സി.എച്ചിന്റെ സ്ഥാനം. കോഴിക്കോട് യൂണിവേഴ്‌സിറ്റിയുടെ സംസ്ഥാപനം ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ മാറ്റങ്ങള്‍ വളരെ വലുതാണ്. അതിന്റെ പ്രയോജനം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട്. മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്നുവരാന്‍ അദ്ദേഹം നിരന്തരമായി സമുദായത്തിന് അകത്തും പുറത്തും വാദിച്ചു. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമം പിന്നീട് ഫലം കാണുകയായിരുന്നു.

അടുത്ത കാലത്തായി കേരളത്തിലെ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കാണുന്നത് മുസ്‌ലിം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളിലും ആത്മവിശ്വാസത്തോടെ, ആവേശത്തോടെ കടന്നുവരികയാണ്. മാത്രമല്ല, മത്സരപരീക്ഷകളില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത് മുസ്‌ലിം പെണ്‍കുട്ടികളാണ്. കഠിനാധ്വാനവും ഗവേഷണ താല്‍പര്യവും അവരില്‍ വളര്‍ന്നുവരികയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരള നിയമസഭാ മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഏറ്റവുമധികം വരുന്നത് മുസ്‌ലിം പെണ്‍കുട്ടികളാണെന്ന് അവിടത്തെ ചുമതലക്കാര്‍ എന്നോട് പറഞ്ഞു. അത് അവരുടെ ഗവേഷണ താല്‍പര്യമാണ്. ഈ നിലയില്‍ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസത്തിനും മലബാറിന്റെ പിന്നാക്കാവസ്ഥയിലും പരിഹാരമുണ്ടാക്കുക മാത്രമല്ല, മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ മേഖലയില്‍ പൊതുവിലും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേകിച്ചും കടന്നുചെല്ലാന്‍ ഏറ്റവും നേതൃത്വപരമായ പങ്ക് വഹിച്ചത് സി.എച്ച് മുഹമ്മദ് കോയയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സമുദായത്തിന്റെ കടന്നുവരവില്‍ എം.ഇ.എസിനും പങ്കുണ്ട്.

മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ച, അവരുടെ കഠിനാധ്വാനം, പുരോഗതി, ആത്മവിശ്വാസം, കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവ് എന്നിങ്ങനെ അവര്‍ മുന്നിലാണ്. കേരളത്തില്‍ മാത്രമല്ല, എവിടെ പോയി പഠിക്കാനും അവര്‍ തയാറാണ്. ഡല്‍ഹിയിലും ജാമിഅമില്ലിയയിലും ജെ.എന്‍.യുവിലും പല കോളജുകളിലും മലബാറില്‍നിന്ന് ധാരാളം മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിക്കുന്നു. ഭയനിര്‍ഭരമായി ചങ്കൂറ്റത്തോടെ അവര്‍ നില്‍ക്കുന്നു. ചര്‍ച്ചകളിലൊക്കെ അവര്‍ പങ്കെടുക്കുന്നത് കാണുമ്പോള്‍ എത്രമാത്രം ആഴത്തിലാണ അവര്‍ കാര്യങ്ങള്‍ പഠിച്ച് ആശയവിനിമയം നടത്തുന്നതെന്ന് മനസിലാക്കാനാകും. ആ ഒരു വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത് സി.എച്ച് അല്ലാതെ മറ്റാരുമല്ല. സി.എച്ചിന്റെ ഏറ്റവും വലിയ നേട്ടമെന്തെന്ന് ചോദിച്ചാല്‍ വിദ്യാഭ്യാസ രംഗത്തായിരുന്നെന്ന് ഞാന്‍ പറയും.

രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അദ്ദേഹം മുസ്‌ലിംലീഗിന്റെ മാത്രം നേതാവായിരുന്നില്ല. കേരളത്തിന്റെ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളുടെയാകെ നേതാവായിരുന്നു. അത്തോളിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം അന്നത്തെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹ്യനില വെച്ചുനോക്കുമ്പോള്‍ ഈ തലത്തില്‍ എത്തുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. മന്ത്രിയെന്ന നിലയില്‍ സി.എച്ച് കൈകാര്യംചെയ്ത വകുപ്പുകളിലെല്ലാം തന്റെ അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് വിദ്യാഭ്യാസ വകുപ്പിലാണെന്നു മാത്രം. കേരളത്തിന്റെ വിദ്യാഭ്യാസവളര്‍ച്ചയില്‍ ഏറ്റവുമധികം സംഭാവന നല്‍കിയത് സി.എച്ച് തന്നെയാണ്. പി.ഡബ്ല്യു.ഡിയിലും മറ്റ് വകുപ്പുകളിലും അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിസ്മരിക്കാനാവില്ല. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രി, സ്പീക്കര്‍, പാര്‍ലമെന്റ് അംഗം എന്നിങ്ങനെ ഏതെല്ലാം രംഗത്തായാലും അവിടെയെല്ലാം തന്റെ അടയാളങ്ങള്‍ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. മുസ്‌ലിംലീഗിന് മാത്രമല്ല, യു.ഡി.എഫിനു മാത്രമല്ല, കേരള സമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു സി.എച്ച്. കേരളത്തിന്റെ എല്ലാ പുരോഗതിക്കും ആധാരമായ രണ്ടക്ഷരം.

ഇന്ന് കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദത്തിന് ഏറ്റവും വലിയ സംഭാവന നല്‍കുന്ന പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. എല്ലാ സമുദായങ്ങളുടെയും അംഗീകാരം നേടാനാകുന്ന നേതാക്കള്‍ അപൂര്‍വമാണ്. സി.എച്ച് എല്ലാ സമുദായങ്ങള്‍ക്കും പ്രിയപ്പെട്ട നേതാവായിരുന്നു. മുസ്‌ലിംലീഗിന് ഇന്ന് പൊതുസമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരം സി.എച്ചിനെ പോലുളള നിരവധി മഹാന്മാരായ നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമായതാണ്. സി.എച്ച് മന്ത്രിയായും മറ്റും തിരുവനന്തപുരത്ത് വളരെക്കാലം ജീവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രിയപ്പെട്ട നേതാവായിരുന്നു. എല്ലാ സമുദായങ്ങളും സി.എച്ചിനെ സ്‌നേഹിച്ചിരുന്നു. അടിയുറച്ച ഇസ്‌ലാംമത വിശ്വാസിയായിരിക്കുമ്പോള്‍ത്തന്നെ മറ്റെല്ലാ മതങ്ങളെയും സ്‌നേഹിക്കുകയും അവരുടെ വിശ്വാസങ്ങളെ കൂടി സംരക്ഷിക്കുകയും ചെയ്തിരുന്നു. സി.എച്ചിന്റെ ഓര്‍മദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മകളെ ചേര്‍ത്തുപിടിക്കുന്നു. സ്മരണകള്‍ക്കുമുന്നില്‍ ആദരമര്‍പ്പിക്കുന്നു.

Continue Reading

columns

മുസോളിനിയുടെ നാളുകള്‍ തിരിച്ചുവരുമോ- എഡിറ്റോറിയല്‍

ലോകം സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പല രാജ്യങ്ങളിലും ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തുന്നത് ഇതിന് ഭീഷണിയാണ്. അന്തിമ വിജയം സമാധാനത്തിനു തന്നെയായിരിക്കുമെന്നാണ് ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ.

Published

on

ഫാസിസ്റ്റ് സ്വേച്ഛാധിപതി മുസോളിനിയുടെ കടുത്ത ആരാധികയും തീവ്ര വലതുപക്ഷ നേതാവുമായ ജോര്‍ജിയ മെലോനി ഇറ്റാലിയന്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നതില്‍ ലോകം പരക്കെ ആശങ്കയിലാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മെലോനിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇറ്റലിയുടെ ട്രംപ് എന്ന അറിയപ്പെടുന്ന മത്തിയോ സല്‍വീനിയുടെയും മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെയും പാര്‍ട്ടികള്‍ അടങ്ങുന്ന സഖ്യമാണ് അധികാരത്തിലെത്തുന്നത്. മധ്യ, ഇടത് പാര്‍ട്ടികളെ കൂട്ടുപിടിച്ച് വിശാല സഖ്യമുണ്ടാക്കുന്നതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പരാജയപ്പെട്ടതാണ് ഈ വിജയത്തിന് കാരണമായത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ആദ്യമായാണ് തീവ്ര വലതുപക്ഷ പാര്‍ട്ടി ഇറ്റലിയില്‍ അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രിയാകുന്ന രാജ്യത്തെ ആദ്യ വനിതയാണ് മെലോനി. പ്രധാനമന്ത്രി മാരിയോ ദ്രാഗി രാജിവെച്ചതിനെ തുടര്‍ന്നാണ് ഇറ്റലിയില്‍ തിരഞ്ഞെടുപ്പ് അനിവാര്യമായത്.

മുസോളിനിയുടെ ആശയങ്ങളെ പരസ്യമായി പ്രകീര്‍ത്തിക്കുന്ന തീവ്ര വലതുപക്ഷ നേതാവ് ജോര്‍ജിയ മെലോനിക്കുകീഴില്‍ ഇറ്റലി വീണ്ടും ഫാസിസ്റ്റ് യുഗത്തിലേക്ക് മടങ്ങിയേക്കുമോ എന്നാണ് ലോകം ഭയക്കുന്നത്. പൗരാവകാശം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, മുസ്‌ലിം വിഭാഗങ്ങളുടെ ജീവിതം, കുടിയേറ്റ നയങ്ങള്‍ എന്നിവയിലൊക്കെ തീര്‍ത്തും പിന്തിരിപ്പന്‍ നിലപാടുകള്‍ കൈക്കൊള്ളുന്ന പാര്‍ട്ടിയാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി. തങ്ങള്‍ മുസോളിനിയുടെ ആരാധകരാണ്, അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരുന്നവരാണ് എന്നെല്ലാം ബ്രദേഴ്‌സ് ഓഫ് ഇറ്റലി പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുസോളിനിയുടെ സൈനിക രാഷ്ട്രീയ ആശയങ്ങളില്‍നിന്ന് പലതും ഇന്നും പിന്തുടരേണ്ടതുണ്ടെന്നും ഇവര്‍ വാദിക്കുന്നു. തീവ്ര ദേശീയവാദം അടക്കമുള്ള വിഷയങ്ങളില്‍ ഊന്നിയുള്ള മുദ്രാവാക്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ പാര്‍ട്ടിയാണിത്. മുസോളിനിയുടെ ഫാസിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് മെലോനി രാഷ്ട്രീയത്തില്‍ കടന്നുവരുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത ആരാധികയുമാണ്. റോമിലെ നൈറ്റ്ക്ലബ്ബില്‍ മദ്യം വിളമ്പുന്ന ജോലിക്കാരിയായും മാധ്യമപ്രവര്‍ത്തകയായും ആയയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനഞ്ചാം വയസില്‍ രാഷ്ട്രീയത്തില്‍ സജീവമായി.

ഫാസിസ്റ്റ് ആശയങ്ങളോടൊപ്പം കുടിയേറ്റ വിരുദ്ധതയുടെയും ആഭ്യന്തര സുരക്ഷയുടെയും പേരില്‍ കടുത്ത മുസ്‌ലിം വിരോധമാണ് മെലോനിയുടെ പ്രധാന മുഖമുദ്ര. ഫെമിനിസത്തെ നിരാകരിക്കുന്നു. പാര്‍ലമെന്റില്‍ വനിതാസംവരണം വേണ്ടെന്നാണ് മെലോനിയുടെ വാദം. പാര്‍ട്ടി റാലികളില്‍ സംസാരിക്കുമ്പോള്‍ ഇസ്‌ലാമിനെ കടന്നാക്രമിക്കുക പതിവാണ്. നിരവധി വിവാദങ്ങളിലൂടെ കടന്നുപോയ ചരിത്രമാണ് 55 കാരിയായ മെലോനിക്കുള്ളത്. ബലാത്സംഗ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്ത് പുലിവാല്‍ പിടിച്ചതാണ്. ട്വിറ്റര്‍ ചട്ടങ്ങളുടെ ലംഘനം ആരോപിച്ച് ട്വിറ്റര്‍ വീഡിയോ നീക്കം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു.

യൂറോപ്യന്‍ യൂണിയന്റെ സ്ഥാപക രാജ്യങ്ങളിലൊന്നാണ് ഇറ്റലി. മെലോനി പ്രധാനമന്ത്രിയാകുന്നതോടെ അത് യൂറോപ്യന്‍ യൂണിയന്റെ നിലനില്‍പിനെതന്നെ മോശമായി ബാധിച്ചേക്കുമെന്നാണ് കരുതേണ്ടത്. യൂറോപ്യന്‍ യൂണിയന്‍ എന്ന കൂട്ടായ്മയില്‍നിന്ന് ഇറ്റലി അകന്നേക്കുമെന്നാണ് ഉയരുന്ന ആശങ്ക. പൗരാവകാശങ്ങളുടെ കാര്യത്തിലും ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യത്തിലുമൊക്കെ മുന്നില്‍നില്‍ക്കുന്ന രാജ്യമായിരുന്നു ഇറ്റലി. അക്കാര്യത്തില്‍ തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. എല്‍. ജി.ബി.ടിക്കൊപ്പമല്ല, യഥാര്‍ഥ കുടുംബങ്ങള്‍ക്കൊപ്പമാണ്. ആണും പെണ്ണും എന്ന യാഥാര്‍ഥ്യത്തിനൊപ്പമാണ്. ലൈംഗിക ന്യൂനപക്ഷ വാദത്തിനൊപ്പമല്ല. ഇസ്‌ലാമിക ഭീകരര്‍ക്കൊപ്പമല്ല, ഈ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്കൊപ്പമാണ്. കുടിയേറ്റക്കാര്‍ക്കൊപ്പമല്ല, ഈ നാട്ടിലെ പൗരന്മാര്‍ക്കൊപ്പമാണ്. ആഗോള സാമ്പത്തിക ആശങ്കകള്‍ക്കൊപ്പമല്ല, ഇറ്റലിയുടെ സാമ്പത്തിക ഭദ്രതക്കൊപ്പമാണ് എന്നൊക്കെയാണ് തിരഞ്ഞെടുപ്പു കാലത്ത് പ്രസംഗത്തിനിടെ മെലോനി പറഞ്ഞത്. ഇത്തരം കാഴ്ചപ്പാടുകളാണ് യൂറോപ്പിനെ ആശങ്കയിലാക്കുന്നതും. കുടിയേറ്റ നയങ്ങളില്‍ അടക്കം മാറ്റമുണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറ്റലിയിലെ പുതിയ ഭരണകൂടം മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലും സാന്നിധ്യമുള്ള നവ നാസി ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജമാകും എന്നും ലോകം ഭയപ്പെടുന്നു. യൂറോപ്പിലെ വലതുപക്ഷ തീവ്രവാദ സംഘടനകളും അവര്‍ ഭരണത്തിലുള്ള രാജ്യങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യുന്നത് ഈ ഭയം ശക്തിപ്പെടുത്തുന്നതാണ്. ലോകം സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പല രാജ്യങ്ങളിലും ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തിലെത്തുന്നത് ഇതിന് ഭീഷണിയാണ്. അന്തിമ വിജയം സമാധാനത്തിനു തന്നെയായിരിക്കുമെന്നാണ് ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷ.

Continue Reading

Trending