ബാര്‍സിലോണ: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായി സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാര്‍സിലോണ 2017ല്‍ ഒപ്പിട്ട കരാര്‍ വ്യവസ്ഥകള്‍ ചോര്‍ന്നു. സ്പാനിഷ് ദിനപത്രമായ എല്‍ മുണ്ടോ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് നാല് സീസണുകളിലേക്ക് 555 ദശലക്ഷം യൂറോയാണ് (ഏകദേശം 4911 കോടി രൂപ) മെസ്സിയുടെ പ്രതിഫലം.

നിശ്ചിത വേതനത്തിനു പുറമേ അലവന്‍സുകള്‍ സഹിതം പ്രതിവര്‍ഷം 138 ദശലക്ഷം യൂറോ (ഏകദേശം 1221 കോടി രൂപ) മെസ്സിക്കു ലഭിക്കുന്ന വിധത്തിലാണ് ഈ കരാര്‍. ലോകത്ത് ഒരു കായികതാരത്തിനു കിട്ടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. താരത്തിനു ക്ലബ് നല്‍കേണ്ട തുക മാത്രമാണിത്. പരസ്യവരുമാനം വേറെ.

ഈ സീസണ്‍ അവസാനത്തോടെ കാലാവധി അവസാനിക്കുന്ന കരാറില്‍ പറയുന്ന തുകയില്‍ 510 ദശലക്ഷം യൂറോ ഇതിനകം മെസ്സി കൈപ്പറ്റിക്കഴിഞ്ഞതായും രേഖയുണ്ട്. സ്‌പെയിനിലെ നിയമം അനുസരിച്ച് ഈ തുകയുടെ പകുതി മെസ്സി നികുതി അടയ്ക്കണം.

ജോസഫ് മരിയ ബര്‍തോമ്യു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ഇടക്കാല ഭരണസമിതിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ക്ലബ്. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴിന് നടക്കുന്നതിനു മുന്നോടിയായാണ് ബാര്‍സിലോന ക്ലബ്ബിന്റെ സാമ്പത്തിക സാഹചര്യം വിശദമാക്കുന്ന രേഖകള്‍ പരസ്യമായതെന്നു കരുതുന്നു.