ലയണല്‍ മെസിയുമായുള്ള ബന്ധത്തെപ്പറ്റി മനസ്സു തുറന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മെസിയുമായി ആത്മാര്‍ത്ഥമായ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം തന്റെ ശത്രുവല്ലെന്നും താരം പറഞ്ഞു. ബാഴ്‌സലോണക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അദ്ദേഹത്തെ ശത്രുവായി ഞാന്‍ കണ്ടിട്ടേയില്ല. മെസി അദ്ദേഹത്തിന്റെ ടീമിനു വേണ്ടിയും ഞാന്‍ എന്റെ ടീമിനു വേണ്ടിയും മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ്. അദ്ദേഹത്തോട് ചോദിക്കുകയാണെങ്കിലും ഇത് തന്നെയാവും അഭിപ്രായം. ഞങ്ങള്‍ തമ്മില്‍ ആത്മാര്‍ത്ഥമായ ബന്ധമാണ് ഉള്ളത്. മുന്‍പ് പറഞ്ഞിട്ടുള്ളതു പോലെ 12, 13, 14 വര്‍ഷങ്ങളായി ഞങ്ങള്‍ ഒരുമിച്ച് പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നു. ഫുട്‌ബോള്‍ കൂടുതല്‍ ആവേശകരമാവാന്‍ ആളുകള്‍ വൈരം സൃഷ്ടിക്കുകയാണ്.’ ക്രിസ്ത്യാനോ പറഞ്ഞു.

മത്സരത്തില്‍ യുവന്റസ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബാഴ്‌സലോണയെ തകര്‍ത്തിരുന്നു. ക്രിസ്ത്യാനോ റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടി. പെനാല്‍റ്റിയിലൂടെയാണ് ക്രിസ്ത്യാനോ രണ്ട് ഗോളുകളും നേടിയത്. അമേരിക്കന്‍ യുവതാരം വെസ്റ്റണ്‍ മക്കെന്നിയാണ് മറ്റൊരു ഗോള്‍ നേടിയത്.