കറാച്ചി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യക്ക് വിജയമൊരുക്കിയ ക്യാപ്ടന്‍ വിരാട് കോലിക്കു നേരെ പ്രശംസയുടെ കെട്ടഴിച്ച് പാകിസ്താന്റെ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദ്. ഒരു പാക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മുന്‍ ക്യാപ്ടനും 80-കളില്‍ പാക് ടീമിലെ ഗ്ലാമര്‍ താരവുമായിരുന്ന മിയാന്‍ദാദ് കോലിയെപ്പറ്റി മനംതുറന്നത്.

‘കോലിയുടെ ബാറ്റിങ് ശൈലിയാണ് അദ്ദേഹത്തെ എല്ലായ്‌പോഴും റണ്‍സ് നേടാന്‍ സഹായിക്കുന്നത്. ബാറ്റ്‌സ്മാന്റെ സാങ്കേതികത മോശമാണെങ്കിലും വല്ലപ്പോഴും അയാള്‍ക്ക് കുറച്ച് റണ്‍സ് നേടാന്‍ കഴിഞ്ഞേക്കും; പക്ഷേ, കോലിയെപ്പോലെ ബാറ്റെടുക്കുമ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയില്ല.

എന്റെ അഭിപ്രായത്തില്‍ കോലിയെപ്പോലുള്ള മഹാന്മാരായ ബാറ്റ്‌സ്മാന്മാരുടെ അടയാളം, ബൗളര്‍മാരുടെ ശക്തിയും ദൗര്‍ബല്യവും പെട്ടെന്ന് മനസ്സിലാക്കി അതിനനുസരിച്ച് ടെക്‌നിക്കില്‍ മാറ്റം വരുത്തുക എന്നതാണ്. കോലി ഒരു ഇതിഹാസമാണ്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമാണ് അദ്ദേഹം.’ – മിയാന്‍ദാദ് പറഞ്ഞു.

പാകിസ്താനേക്കാള്‍ കൂടുതല്‍ ജനസംഖ്യയും മികച്ച അടിസ്ഥാന സൗകര്യവും ഉള്ളതു കൊണ്ടാണ് ഇന്ത്യയില്‍ നല്ല കളിക്കാര്‍ ഉയര്‍ന്നു വരുന്നതെന്നും ക്രിക്കറ്റര്‍മാര്‍ക്ക് വളരാനുള്ള സാഹചര്യം ഇപ്പോഴും പാകിസ്താനില്‍ ഇല്ലെന്നും മിയാന്‍ദാദ് പറഞ്ഞു. പരിശീലന സൗകര്യങ്ങളുടെ കുറവ് മുതല്‍ നിലവാരമില്ലാത്ത പിച്ചുകള്‍ വരെ, നമ്മുടെ കളിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ശരിയായ ഗ്രൗണ്ടുകള്‍ക്കു പകരം നമ്മുടെ കുട്ടികള്‍ തെരുവുകളിലാണ് ക്രിക്കറ്റ് പഠിക്കുന്നത്. ക്രിക്കറ്റ് പഠനത്തിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞാലേ പാക് ക്രിക്കറ്റിന്റെ പ്രതിസന്ധി മനസ്സിലാക്കാന്‍ കഴിയൂ.- മിയാന്‍ദാദ് പറഞ്ഞു.

1973-നും 1996-നുമിടയില്‍ പാകിസ്താനു വേണ്ടി കളിച്ചിട്ടുള്ള മിയാന്‍ദാദ് പാകിസ്താന്‍ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനായാണ് അറിയപ്പെടുന്നത്. 1986-ല്‍ ഇന്ത്യക്കെതിരെ ജയിക്കാന്‍ നാലു റണ്‍സ് ആവശ്യമായിരിക്കെ അവസാന പന്തില്‍ അദ്ദേഹം നേടിയ സിക്‌സര്‍
ശ്രദ്ധേയമായിരുന്നു.