അഴിമതി കേസുകളില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ കുറ്റം ചുമത്തി. മൂന്ന് അഴിമതിക്കേസുകളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിട്ടുള്ളതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഴിമതിക്കേസുകളില്‍ ബെഞ്ചമിന്‍ കുറ്റക്കാരാനാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് ഇസ്രാഈല്‍ പൊലീസ് കമ്മീഷ്ണര്‍ റോണി അല്‍ഷേയ്ച്ച് അറിയിച്ചു. കേസുകളില്‍ നെതന്യാഹുവിനെതിരെ അന്വേഷണം നടക്കുകയാണ്. ആസ്‌ട്രേലിയന്‍ കോടീശ്വരനായ ജെയിംസ് പാക്കറില്‍ നിന്ന് 1000 റിവോള്‍വറുകള്‍ നിയമവിരുദ്ധമായി വാങ്ങിയെന്നതാണ് നെതന്യാഹുവിനെതിരെയുള്ള ആദ്യത്തെ കേസ്. ഇസ്രാഈല്‍ മാധ്യമമായ ഹായോമുമായി ചേര്‍ന്ന് നടത്തിയിട്ടുള്ള ഒരു രഹസ്യ ഡീലാണ് രണ്ടാമത്തെ കേസ്. ജര്‍മ്മനിയില്‍ നിന്ന് വാങ്ങിയ അന്തര്‍വാഹിനിക്കപ്പലുമായി ബന്ധപ്പെട്ട കേസാണ് മൂന്നാമത്തേത്. ഇതില്‍ മൂന്നിലും തെളിവുകളുടെ അടിസ്ഥാനത്തിലാണ് നെതന്യാഹുവിനെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി നെതന്യാഹു രംഗത്തെത്തി. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു. ഫേസ്ബുക്കില്‍ ബുധനാഴ്ച്ച പോസ്റ്റ് ചെയ്ത വീഡിയോയില്‍ താന്‍ നിരപരാധിയാണെന്നും നെതന്യാഹു പറഞ്ഞു. എന്നാല്‍ നെതന്യാഹു പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്നാണ് നിയമവിദഗ്ധരുടെ നിരീക്ഷണം.