ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായ ന്യൂനപക്ഷ വേട്ടയെ അപലപിക്കുന്ന പ്രമേയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു ന്യൂനപക്ഷ ക്ഷേമകാര്യങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റി യോഗം അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളെല്ലാം ഒറ്റക്കെട്ടായ നിലപാടെടുത്ത് ഇറങ്ങിപ്പോയതോടെ യോഗം സ്തംഭിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കു നേരെ വ്യാപകമായി നടക്കുന്ന മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചും ഹരിയാനയിലെ ജുനൈദ് ഖാന്‍ എന്ന പതിനാറുകാരനെ മതം പറഞ്ഞ് അധിക്ഷേപിച്ച് ട്രെയിനില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അനുശോചിച്ചും പ്രമേയം അവതരിപ്പിക്കണമെന്നായിരുന്നു അംഗങ്ങളുടെ ഏകകണ്ഠമായ ആവശ്യം. അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നും ചെയര്‍മാന്‍ കൂടി യായ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കിയതിനാലാണ് യോഗം ബഹിഷ്‌ക്കരിച്ചതെന്ന് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ ഷാനവാസ്, ജോയ് അബ്രഹാം മൊസാംനൂര്‍, ഇദ്‌രീസ് അലി, അലി അന്‍വര്‍ഖാന്‍ എന്നിവര്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചര്‍ച്ച തുടരാന്‍ കഴിയാതെ മന്ത്രി യോഗം അവസാനിപ്പിക്കുകയായിരുന്നു.
മരണത്തിനും ജീവിതത്തിനുമിടയിലെ ഭയാനകമായ ഒരവസ്ഥയിലാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ കഴിയുന്നതെന്നും ഏതു സമയത്തും എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്നും മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഈ ദുരവസ്ഥ ചര്‍ച്ച ചെയ്യാനും ന്യൂനപക്ഷ സമുദായാംഗമെന്നതിനാല്‍ വധിക്കപ്പെട്ട ജുനൈദ് ഖാന്റെ പേരില്‍ ഒരു അനുശോചന പ്രമേയത്തിനും അനുവദിക്കാത്ത സാഹചര്യത്തിലാണ് യോഗം ബഹിഷ്‌ക്കരിക്കേണ്ടിവന്നതെന്ന് ഇ.ടി പറഞ്ഞു.
സംഭവത്തെ അപലപിക്കാന്‍ പോലും തയ്യാറാവാത്ത അവസ്ഥ അംഗീകരിക്കാനാവില്ല. ഇസ്‌ലാമിക വേഷം ധരിച്ചതിന്റെ പേരിലാണ് ജുനൈദ് വധിക്കപ്പെട്ടത്. രാജ്യത്ത് ന്യൂനപക്ഷ വേട്ട അനുസ്യൂതം നടക്കുമ്പോള്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നത് നീതിയല്ല- അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് എം.ഐ ഷാനവാസ് പറഞ്ഞു. ന്യൂനപക്ഷ വികാരത്തോട് അനുഭാവത്തിന് പകരം ശത്രുത വെച്ചുപുലര്‍ത്തുകയാണെന്ന് ജോയ് അബ്രഹാം അഭിപ്രായപ്പെട്ടു. ഭരണഘടനാ വിരുദ്ധമായ നടപടികളാണ് നിരന്തരം സംഭവിക്കുന്നതെന്ന് ബംഗാള്‍ കോണ്‍ഗ്രസ് പ്രതിനിധി മൊസാം നൂറും ജനങ്ങള്‍ക്ക് അഭയം നല്‍കേണ്ട ഭരണകൂടം അവരെ വേട്ടയാടുന്നവരോടൊപ്പം നില്‍ക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി ഇദ്‌രീസ് അലിയും രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നിര്‍ബാധം പീഡിപ്പിക്കപ്പെടുകയാണെന്ന് ജെ.ഡി.യു പ്രതിനിധി അലി അന്‍വര്‍അലിയും പറഞ്ഞു.