ന്യൂഡല്‍ഹി: മീ ടൂ ആരോപണങ്ങള്‍ നിഷേധിച്ച് വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍. രാഷ്ട്രീയ പകയാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇപ്പോള്‍ പകര്‍ച്ചപ്പനിപോലെ പടര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എം.ജെ അക്ബറിനെതിരെ നിരവധി വനിതാ മാധ്യമപ്രവര്‍ത്തകരാണ് മി ടൂ ക്യാമ്പയിനിലൂടെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. 14 വനിതാ മാധ്യമപ്രവര്‍ത്തകര്‍ അക്ബര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രംഗത്തെത്തി. ഏറ്റവുമൊടുവില്‍ സി.എന്‍.എന്‍ റിപ്പോര്‍ട്ടറായ മജ്‌ലീ ഡി പീകാംപ് എന്ന അമേരിക്കക്കാരിയാണ് ആരോപണമുന്നയിച്ചത്. ഒക്ടോബര്‍ എട്ടിന് മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയുടെ ട്വിറ്റിലൂടെയാണ് അക്ബറിനെതിരായ വെളിപ്പെടുത്തലുകള്‍ ആരംഭിച്ചത്.