കൊല്ലം: കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലം അഞ്ചലില്‍ നാട്ടുകാര്‍ മര്‍ദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശിയായ മണിയാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് നാട്ടുകാര്‍ മണിയെ മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ മണി അഞ്ചലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ജോലി കഴിഞ്ഞു വരുമ്പോള്‍ സമീപത്തെ വീട്ടില്‍ നിന്ന് കോഴികളെ വാങ്ങി പോവുകയായിരുന്ന മണിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കോഴികളെ മോഷ്ടിച്ചതാണെന്നാരോപിച്ച് അടിച്ചുവീഴ്ത്തുകയായിരുന്നു. മണിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിപ്പോള്‍ ഇയാള്‍ ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു.

ആസ്പത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മണിയെ ഛര്‍ദ്ദിയെ തുടര്‍ന്ന് വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില വഷളായ മണി മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.