ചെന്നൈ: തമിഴ്‌നാട്ടില്‍ മലയാളിയെ അടിച്ചുകൊന്നു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി അല്ലൂരിലാണ് മലയാളിയെ ജനക്കൂട്ടം അടിച്ചുകൊന്നത്. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദന് പരിക്കുണ്ട്.

മോഷ്ടാക്കളെന്ന് സംശയിച്ചാണ് ദീപുവിനേയും സുഹൃത്ത് അരവിന്ദനേയും ആള്‍ക്കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. തിരുച്ചിറപ്പള്ളി അല്ലൂര്‍ സായി വിശാലാക്ഷി നഗറില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. വിശാലാക്ഷി നഗറിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഇരുവരെയും സംശയാസ്പദമായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് വഴക്കുണ്ടായി. ഇതോടെ ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ മര്‍ദിച്ചത്.

അരവിന്ദന്‍ ജിയാപുരം പൊലീസ് കസ്റ്റഡിയിലാണ്. ദീപുവിന്റെ മൃതദേഹം തിരുച്ചിറപ്പള്ളി മോര്‍ച്ചറിയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.