Culture

സ്വര്‍ണ്ണത്തിന് പിടിവീഴുന്നു; നോട്ട് നിരോധനത്തിന് ശേഷം അടുത്ത നീക്കവുമായി മോദി

By chandrika

November 01, 2019

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണം തടയാനെന്ന പേരില്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കൈവശമുളളവര്‍ അത് സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നാണ് പുതിയ നിയമം. ദേശീയ മാധ്യമമായ സിഎന്‍ബിസിയാണ് പേര് വെളിപ്പെടുത്താത്ത ഉറവിടത്തെ ഉദ്ദരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുറഞ്ഞ സമയം നല്‍കി സ്വര്‍ണം വെളിപ്പെടുത്താന്‍ അനുമതി നല്‍കുകയും അതിന് ശേഷം പിടികൂടുന്നവക്ക് അമിത നികുതി ചുമത്താനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് വിവരം. ഇതിനായി നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കളളപ്പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ സ്വര്‍ണം പിടികൂടാനാണെന്നാണ് സര്‍ക്കാരിന്റെ വാദം. കള്ളപ്പണം തടയുക എന്ന പേരിലായിരുന്നു രാജ്യത്ത് നോട്ട്‌നിരോധനം നടത്തിയത്. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ നടുവൊടിഞ്ഞതായിരുന്നു അതിന്റെ അനന്തരഫലം.

റവന്യു വകുപ്പും നികുതി വകുപ്പും സംയുക്തമായാണ് പദ്ധതി രേഖ തയ്യാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം സ്വകാര്യ മേഖലയിലെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഗോള്‍ഡ് ബോര്‍ഡ് രൂപീകരിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടിലുണ്ട്.