രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്‍ സന്ദര്‍ശനം നടത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ. ഡല്‍ഹിയിലെ സുരക്ഷാ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട അദാനിക്കുവേണ്ടി കരാര്‍ ഉറപ്പാക്കുകയിരുന്നുവെന്നാണ് ഖാര്‍ഗെയുടെ വിമര്‍ശനം. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ യാത്ര നടന്നത്.
‘ഡല്‍ഹിയിലെ ഭീകരാക്രമണ പ്രതിസന്ധിക്കിടയില്‍ പ്രധാനമന്ത്രി മോദി എന്തിനാണ് ഭൂട്ടാനിലേക്ക് പറന്നത്? അതിന്റെ ഉത്തരം ലളിതമാണ്. തന്റെ പ്രിയ സുഹൃത്ത് അദാനിക്കു വേണ്ടി ഒരു കരാര്‍ ഉറപ്പാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കര്‍ത്തവ്യം,’ ഖാര്‍ഗെ വിമര്‍ശിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രധാന കരാര്‍ ഒപ്പുവെച്ച വിവരവും ഖാര്‍ഗെ പങ്കുവെച്ചു. അദാനി പവറും ഡ്രുക്ക് ഗ്രീന്‍ പവറുമായി ചേര്‍ന്ന് 6,000 കോടി രൂപയുടെ ഒരു ജലവൈദ്യുത പദ്ധതിക്ക് ഭൂട്ടാനില്‍ തുടക്കമിടാനുള്ള കരാറിലാണ് ഒപ്പുവെച്ചത്.