കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റിലെയും ലോക ക്രിക്കറ്റിലെയും മിന്നും താരമായ വിരാട് കോലിയെ എല്ലാവരും പുകഴ്ത്തിപ്പറയുമ്പോള്‍ ഇതിനെതിരേ ഒരാള്‍ രംഗത്ത്. പാകിസ്താന്റെ മുന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് യൂസുഫാണ് സച്ചിനെക്കാള്‍ മികവൊന്നും കോലിക്ക് ഇല്ലെന്ന് തുറന്നടിച്ചത്. ചെറുപ്പകാലത്തെ സച്ചിന്‍ ഇപ്പോഴത്തെ കോലിയെക്കാള്‍ മിടുക്കനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോലി മോശക്കാരനാണെന്ന് ഞാന്‍ പറയില്ല. അദ്ദേഹം അപാരമായ കഴിവുളള താരം തന്നെയാണ്. എന്നാല്‍ സച്ചിനാണ് അതിനേക്കാള്‍ മിടുക്കന്‍.

 

കാരണം, അത്തരമൊരു കാലഘട്ടത്തിലാണ് സച്ചിന്‍ ബാറ്റിങ് വിസ്മയം സൃഷ്ടിച്ചത്. ലോകത്തിലെ അതിശക്തമായ ടീമുകളും ഫാസ്റ്റ് ബൗളര്‍മാരും സ്പിന്നര്‍മാരുമുള്ള കാലത്തായിരുന്നു സച്ചിന്‍ മിന്നിയതെന്നും യൂസുഫ് വ്യക്തമാക്കി. 90കളിലെ കളിക്കാരുടെ മികവൊന്നും ഇപ്പോഴത്തെ താരങ്ങള്‍ക്കില്ല. 2011ഓടെ ഇത് അവസാനിച്ചു. 2011ലെ ലോകകപ്പിനു ശേഷം നിലവാരം കുത്തനെ ഇടിയുകയും ചെയ്തു.

 

സച്ചിന്‍ ലോകോത്തര കളിക്കാരനാണ്. ശക്തമായ ടീമുകള്‍ക്കും ബൗളര്‍മാര്‍ക്കുമെതിരേ സച്ചിന്‍ നേടിയ സെഞ്ച്വറികളും റണ്‍സും മതി ഇതു മനസ്സിലാക്കാനെന്നും യൂസുഫ് ചൂണ്ടിക്കാട്ടി. സച്ചിനെതിരെ താന്‍ നിരവധി തവണ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ബാറ്റിങ് അവിശ്വസനീയമായിരുന്നു. നിരവധി മല്‍സരങ്ങളില്‍ സച്ചിന്‍ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. അന്നുണ്ടായിരുന്നതു പോലെയുള്ള ബൗളര്‍മാരെ കോലിക്ക് ഇപ്പോള്‍ നേരിടേണ്ടിവന്നിട്ടില്ലെന്നും യൂസുഫ് അഭിപ്രായപ്പെട്ടു.