കൊച്ചി: ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കലക്ഷന്‍ ഭേദിച്ച പുലിമുരുകന്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന സിനിമയാണെന്ന് നടന്‍ മോഹന്‍ലാല്‍. ലോകത്ത് തന്നെ ഇത്തരത്തില്‍ മൂന്നോ നാലോ ചിത്രങ്ങള്‍ മാത്രമാണുള്ളതെന്ന് മുരുകനെ അവതരിപ്പിച്ച ലാല്‍ പറയുന്നു. അതില്‍ തന്നെ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രതികാരത്തിന്റെ കഥ പറയുന്ന സിനിമകള്‍ വളരെ കുറവാണ്. പ്രത്യേകിച്ച് പുലിയുമായുള്ളത്. ഇത്രയേറെ ആക്ഷനുള്ള ചിത്രം ആദ്യമായിട്ടായിരിക്കുമെന്നും താരം പറഞ്ഞു. മുംബൈയില്‍ സുഹൃത്തുക്കള്‍ക്കായി സംഘടിപ്പിച്ച പുലിമുരുകന്റെ പ്രത്യേക പ്രദര്‍ശനത്തിനുശേഷം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 150 ദിവസം പുലിമുരുകനുവേണ്ടി പ്രവര്‍ത്തിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ആക്ഷന്‍ ചിത്രങ്ങള്‍ ഗംഭീരമാണെന്ന് ആരാധകരുടെ അഭിപ്രായം സത്യമാണ്. ചിത്രത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പീറ്റര്‍ ഹെയിനുള്ളതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം ഇതിനകം കോടികള്‍ സ്വന്തമാക്കി മുന്നേറുകയാണ്. കേരളത്തിനകത്തും പുറത്തുമായി 325 തിയറ്ററുകളിലാണ് പുലിമുരുകന്‍ റിലീസ് ചെയ്തത്.

puliumurugan1