സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തെക്കന്‍ ജില്ലകളിലും മഴ ശക്തമായി. ഇന്നലെ മുതല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

മലയോര പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയില്‍ പലയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. പാംബ്‌ള ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. പമ്പയിലെ ജലനിരപ്പുയര്‍ന്ന് മണല്‍പ്പുറത്തെ കടകളില്‍ വെള്ളം കയറി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് അതത് വില്ലേജുകളില്‍ ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ തുടങ്ങണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഇടുക്കിയില്‍ നാളെയും റെഡ് അലര്‍ട്ട് തുടരും.കണ്ണൂരില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.