തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ നിലവില്‍ വന്ന ശേഷം മോട്ടോര്‍ വാഹന വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ പ്രമോഷന്‍ ഇല്ലാതാക്കി സര്‍ക്കാര്‍ നിയമവിരുദ്ധമായി ഉത്തരവ് ഇറക്കിയത് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് കേരളാ മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസ്സോസിയേഷന്‍ പണിമുടക്ക് നോട്ടീസ് നല്‍കി. മോട്ടോര്‍ വാഹന വകുപ്പിലെ കേരളത്തിലെ മുഴുവന്‍ ഓഫീസുകളിലെയും മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ മാര്‍ച്ച് 29, 30, 31 തിയ്യതികളില്‍ പണിമുടക്കും.

സുപ്രീം കോടതി അംഗീകരിച്ച സ്‌പെഷ്യല്‍റൂളാണ് സംസ്ഥാന സര്‍ക്കാര്‍ എക്‌സിക്യുട്ടീവ് ഉത്തരവിറക്കി അട്ടിമറിച്ചത്. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ നാലു കേസ്സുകളില്‍ നിലവിലുള്ള സ്‌റ്റേ ഉത്തരവു പോലും മാനിക്കാതെയാണ് പ്രമോഷന്‍ ഇല്ലാതാക്കിയ ഉത്തരവു സര്‍ക്കാര്‍ പുറത്തിറക്കിയത്.

പണിമുടക്കുമായി ബന്ധപ്പെട്ട് ആര്‍.ടി ഓഫീസുകളിലെ സേവനങ്ങള്‍ മാര്‍ച്ച് 29, 30, 31 തിയ്യതികളില്‍ തടസ്സപ്പെടുന്നതിനാല്‍ പൊതുജനങ്ങള്‍ അത്യാവശ്യരേഖകള്‍ മാര്‍ച്ച് 27 നു മുന്‍പായി സമര്‍പ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി വിനോദ് പി.എസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.