ഡല്‍ഹി: ചില ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ചിലപ്പോഴെല്ലാം അശ്ലീലമായ ഉള്ളടക്കം കാണിക്കുന്നുണ്ടെന്നും ഇതു പരിശോധിക്കാന്‍ സംവിധാനം വേണമെന്നും സുപ്രീം കോടതി. സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മാര്‍ഗ നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെട്ടു. താണ്ഡവ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമര്‍ശം.

മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ ആമസോണ്‍ പ്രൈം ഇന്ത്യ മേഥാവി അപര്‍ണ പുരോഹിത് നല്‍കിയ അപ്പീല്‍ ആണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ചില ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ചില സമയങ്ങളില്‍ പോര്‍ണോഗ്രാഫിക് ഉള്ളടക്കം കാണിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

താണ്ഡവുമായി ബന്ധപ്പെട്ട് പത്തു കേസുകളിലാണ് അപര്‍ണയെ പ്രതിയാക്കിയിരിക്കുന്നതെന്ന് സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു.