ഭോപ്പാല്‍: കോവിഡിനെ തുരത്താന്‍ ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ പൂജയും പാട്ടുമായി മധ്യപ്രദേശിലെ ബിജെപി നേതാവും ടൂറിസം സാംസ്‌കാരിക മന്ത്രിയുമായ ഉഷാ താക്കൂര്‍. മാസ്‌ക് പോലും ധരിക്കാതെയാണ് പൂജ. ദിവസവും പൂജയും ഹനുമാന്‍ ഭജനയും നടത്തുന്ന താന്‍ മാസ്‌ക് ഇടേണ്ടതില്ലെന്ന് മന്ത്രി എന്‍.ഡി.ടി.വിയോട് പറഞ്ഞു.

വെള്ളിയാഴ്ച വിമാനത്താവളത്തിലെ ദേവി അഹല്യ ബായ് ഹോള്‍ക്കറുടെ പ്രതിമയ്ക്ക് മുമ്പിലായിരുന്നു മാസ്‌ക് ധരിക്കാതെ മന്ത്രിയുടെ വിവാദ പൂജ. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ആര്യമ സന്യാസ്, മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പൂജയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചാണകം കത്തിച്ചാല്‍ 12 മണിക്കൂറോളം വീട് അണുവിമുക്തമാക്കാമെന്ന് ഉഷ താക്കുര്‍ നേരത്തെ കണ്ടുപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ‘ഗോ കൊറോണ ഗോ, കൊറോണ ഗോ’ എന്ന മന്ത്രം ഉരുവിട്ടാല്‍ കൊറോണ പമ്പകടക്കുമെന്ന് കേന്ദ്ര മന്ത്രി രാംദാസ് ആത്തേവാല പ്രഖ്യാപിച്ചിരുന്നു.