കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട എം.സ്വരാജിന് എം.എസ്.എഫ് ഹരിത നേതാവ് ഹഫ്‌സ മോളുടെ മറുപടി. കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുസ്‌ലിംകളുടെ വോട്ട് കിട്ടാനായി നെറ്റിയിലെ കുറി മായ്ച്ചു എന്നായിരുന്നു സ്വരാജിന്റെ പ്രധാന ആരോപണം. എന്നാല്‍ നെറ്റിയില്‍ കുറിയുള്ള ഹിന്ദുവിന് മുസ്‌ലിംകള്‍ വോട്ട് ചെയ്യില്ലെന്ന അപകടകരമായ ആര്‍.എസ്.എസ് നിലപാടാണ് സ്വരാജ് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നതെന്ന് ഹഫ്‌സ മോള്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സഖാവ് എം സ്വരാജിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ് വായിച്ചു. 
ഒരു പുരോഗമന വിദ്യാര്‍ഥി യുവജന സംഘടനയുടെ തലപ്പത്തിരുന്ന വ്യക്തി എന്ന നിലയിലും നിയമ സഭയിലെ ഒരു അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാളെന്ന നിലയിലും കുറച്ചുകൂടെ ശക്തവും നിലവാരവും ഉള്ള ചോദ്യങ്ങളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എങ്കിലും താങ്കളുടെ ചോദ്യങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ താങ്കളുടെ കൂടെ ശ്രദ്ധയിലേക്ക് കൊണ്ടുവരട്ടെ

ഇനി ചോദ്യങ്ങളിലേക്കും അതിനുള്ള മറുപടിയിലേക്കും വരാം
ചോദ്യം: * കാസർകോട്.
ഇന്നോളം മാഞ്ഞിട്ടില്ലാത്ത നെറ്റിയിലെ കുറി ഇപ്പോൾ കാണാതായതെങ്ങനെയെന്ന് വിശദീകരിക്കണം. BJP അനുഭാവമില്ലെന്ന് ജനങ്ങളെ വിശ്വസിപ്പിക്കണം.

ഉത്തരം: നെറ്റിയില്‍ കുറി കണ്ടാല്‍ മുസ്ലിംകള്‍ വോട്ട് ചെയില്ലെന്നുള്ള വ്യംഗ്യമായ വര്‍ഗ്ഗീയ പരാമര്‍ശം ആണ് താങ്കള്‍ ഈ ചോദ്യത്തിലൂടെ ഉന്നയിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ വായിച്ചെടുക്കാം. അതിലൂടെ കാസര്‍ഗോഡ്‌ ഉള്ള ന്യൂനപക്ഷ വോട്ടര്‍മാരില്‍ അങ്കലാപ്പുണ്ടാക്കാം എന്നാണു താങ്കള്‍ വിചാരിക്കുന്നതെങ്കില്‍ താങ്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് എന്ന് മാത്രമേ പറയാനുള്ളൂ. സത്യത്തില്‍ കേരളത്തിലെ മതേതര സമൂഹം അങ്ങനെ ചിന്തിക്കുന്നവരാണ് എന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ?. എന്ന് തൊട്ടാണ് താങ്കള്‍ സ്ഥാനാര്‍ഥികളുടെ കുറിയും നിസ്കാരത്തയമ്പും കുരിശുമാലയും നോക്കാന്‍ താങ്കള്‍ തുടങ്ങിയത്?. നെറ്റിയിലെ കുറി ഒരു അപകടമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ..?. ഉണ്ണിത്താന്‍റെ ഫേസ്‌ബുക്ക്‌ പ്രൊഫൈല്‍ ചിത്രം ഇപ്പോളും ആ നീട്ടിവറച്ച കുറിയുള്ള ചിത്രം തന്നെയാണ്.

ചോദ്യം: * കണ്ണൂർ:
ജയിച്ചാൽ BJP യിലേക്ക് പോവില്ലെന്ന് ലക്ഷങ്ങൾ ചിലവിട്ടു കൊണ്ട് പരസ്യം കൊടുക്കണം. അപ്പോൾ തോറ്റാൽ BJP യിലേക്ക് പോകുമോയെന്ന ന്യായമായ സംശയത്തിന് മറുപടി നൽകാൻ പുതിയ പരസ്യമിറക്കണം .

ഉത്തരം: ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ മുന്നണിയില്‍ മത്സരിക്കുന്ന നാല് പേരെ സംഭാവന ചെയ്തത് നിങ്ങളല്ലേ. sfi മുന്‍ ജില്ലാ പ്രസിഡന്റ് ഡിഫി മുന്‍ സംസ്ഥാന നേതാവ് തുടങ്ങി മുന്‍ ഇടതുപക്ഷ എം.എല്‍.എ വരെ എങ്ങിനെ ചാണകക്കുഴിയില്‍ എത്തിയെന്ന് വ്യക്തമാക്കാവോ സഖാവേ.

ചോദ്യം: *വടകര
MLA മാർ ലോകസഭയിലേക്ക് മത്സരിക്കുന്നത് ശരിയല്ലെന്ന സ്വന്തം വിമർശനം സ്വന്തം കാര്യത്തിൽ മാത്രം ബാധകമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം

ഉത്തരം: MLA മാർ ലോകസഭയിലേക്ക് മത്സരിക്കുന്നത് ശരിയല്ലെന്ന വാദവും അത് ഖജനാവിനുണ്ടാക്കുന്ന നഷ്ടങ്ങളെയും പറഞ്ഞ് നിങ്ങള്‍ മലപ്പുറത്ത് വോട്ടു പിടിച്ചിട്ട് ഒരു വര്‍ഷമേ തികഞ്ഞുള്ളൂ. ഇനി MLA മാർ ലോകസഭയിലേക്ക് മത്സരിക്കുന്നത് ശരിയല്ലെന്ന വാദം അംഗീകരിച്ചാല്‍ തന്നെ നിലവില്‍ എല്‍.ഡി.എഫ് മത്സരിപ്പിക്കുന്ന MLA മാരുടെ പകുതി പോലും UDF മത്സരിപ്പിക്കുന്നില്ലല്ലോ സഖാവേ..

ചോദ്യം: * വയനാട്
ബിജെപിയെ തോൽപ്പിക്കാൻ ബിജെപിയ്ക്ക് സ്വാധീനമില്ലാത്ത കേരളത്തിൽ, ബിജെപിയ്ക്ക് സ്ഥാനാർത്ഥിയില്ലാത്ത വയനാട്ടിൽ വന്നതെന്തിനെന്ന് വിശദീകരിച്ച ശേഷം ക്ഷീണം മാറ്റാൻ പോലും സമയമെടുക്കാതെ തൊട്ടടുത്ത മാണ്ഡ്യയിലെ ബിജെപി – കോൺഗ്രസ് മുന്നണിയുടെ അനിവാര്യതയും വിശദീകരിക്കണം.

ഉത്തരം: ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് കോണ്ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ മത്സരിച്ചാല്‍ സംഘടനയ്ക്ക് ഉണ്ടാവുന്ന ഉണര്‍വ്വ് മനസ്സിലാക്കിക്കൂടിയാണ് രാഹുല്‍ വയനാടില്‍ മത്സരിക്കുന്നത്. അതിന്‍റെ പൊളിറ്റിക്കല്‍ സ്ട്രാറ്റജി താങ്കളെ പോലെ ഒരു മുതിര്‍ന്ന നേതാവിനോട് പറഞ്ഞരിയിക്കെണ്ടാതില്ലല്ലോ. ഇത്തരം അവസരങ്ങളില്‍ താരതമ്യേനെ സുരക്ഷിത മണ്ഡലങ്ങളിലാണ് നേതാക്കള്‍ മത്സരിക്കാറുള്ളത്. സഖാവ് പിണറായി വിജയന്‍ നെമത്തല്ലല്ലോ മത്സരിച്ചത്. പാര്‍ട്ടിയുടെ ഈറ്റില്ലമായ ധര്‍മ്മടത്തല്ലേ. ഇനി നിങ്ങളുടെ എത്ര നേതാക്കള്‍ ബി ജെ പി യോട് നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്?.

ചോദ്യം: * കോഴിക്കോട്
അഴിമതിക്കാരനല്ലെന്ന് വിശദീകരിക്കണം. 
കാശ് ചോദിച്ചില്ലെന്നും, ചോദിച്ചാൽ തന്നെ വാങ്ങിച്ചില്ലെന്നും , വാങ്ങിച്ചാൽത്തന്നെ കൈക്കൂലിയല്ല ബ്രോക്കറേജാണെന്നും വാദിക്കണം. ശബ്ദം ഡബ് ചെയ്തതാണെന്നും ഇനി അങ്ങനെയല്ല സ്വന്തം ശബ്ദമാണെങ്കിൽ തന്നെ അത് സി പി ഐ (എം) ഗൂഢാലോചനയാണ് എന്നും സമർത്ഥിക്കണം.

ഉത്തരം: കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയ്ക്ക് കെട്ടിടം പണിയാന്‍ വയല്‍ നികത്താന്‍ കൂട്ടുനിന്നത് ആരാണ്? അതിനു എത്ര രൂപ കിട്ടിക്കാണും. എം.കെ രാഘവന്‍ ജനങ്ങളുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയ ഒരു നന്മ മരമാണ്. ചുമ്മാ ഒരു കോഴ വിവാദം പുകയ്ച്ചാല്‍ മായുന്നതല്ല അത്.

ചോദ്യം: * ആലത്തൂർ
അധ്യക്ഷയായ തദ്ദേശ സ്ഥാപനം കേരളത്തിലേറ്റവും പുറകിലായിപ്പോയതെങ്ങനെയെന്ന് വിശദീകരിക്കണം. ലഭിച്ച അവസരത്തിലെ ഭരണപരാജയം കഷ്ടപ്പെട്ടു മറച്ചു വെയ്ക്കണം.

ഉത്തരം: നിങ്ങളുടെ ശക്തി ദുര്‍ഗ്ഗമായ ആലത്തൂരില്‍ നിങ്ങള്‍ എത്ര കണ്ടു പരാചയം മണക്കുന്നുണ്ടന്നതിനുള്ള തെളിവാണ് ഈ ഒരു പൊള്ളയായ ആരോപണം. ഇടതുപക്ഷം രമ്യ ഹരിദാസിനെ ഇത്രയേറെ കടിച്ചു കീറുന്നുണ്ടെങ്കില്‍ അതിനുള്ള മറുപടി മേയ് 23 നു കിട്ടും.

ചോദ്യം: * മലപ്പുറം
പരമപ്രധാനമായ പാർലമെന്റ് സമ്മേളനങ്ങളിൽ, വോട്ടെടുപ്പിൽ ഒക്കെ വിമാനം മിസാവുന്നതെങ്ങനെയെന്ന് വിശദീകരിക്കണം. ബിരിയാണിയോ പാർലമെന്റോ പ്രധാനമെന്ന് ഉറപ്പിച്ചു പറയണം.

ഉത്തരം: വിമാനം മിസ്സായകാര്യം ആണെങ്കില്‍ ഒരു തവണയാണ് സംഭവിച്ചത്. 
പിന്നെ ബിരിയാണി കഴിച്ചത് മുത്തലാഖ് വിഷയത്തിൽ ആണ്. ആ വിഷയത്തില്‍ നിങ്ങളുടെ പാര്‍ട്ടി സ്വീകരിച്ച നയം എന്തായിരുന്നു. മുത്തലാഖ് വിഷയത്തില്‍ മോഡി ഗവണ്മെന്റ് നെ അഭിനന്ദിച്ച എം.പി ഏത് ചിഹ്നത്തിലായിരുന്നു വിജയിച്ചത്.

ചോദ്യം: * പൊന്നാനി
പ്രളയത്തിൽ കേരളം മുങ്ങിയപ്പോൾ രക്ഷിക്കാൻ സൈന്യമായി മാറിയ മത്സ്യത്തൊഴിലാളികളോട് പ്രളയ സമയത്തെ ജർമൻ ടൂറിനേപ്പറ്റി വിശദീകരിക്കണം

ഉത്തരം: പ്രളയ ദുരിതാശ്വാസം ചര്‍ച്ച ചെയ്യുന്നതിന് മുന്പ് എങ്ങനെ പ്രളയം സംഭവിച്ചെന്നു ചര്‍ച്ച ചെയ്യേണ്ടേ..?
ഈ വിഷയത്തിലുള്ള അമിക്കസ്ക്യൂരി റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്ന് വിശദീകരിച്ചാലോ..

ഡിന്നര്‍ കഴിച്ചില്ല.,, സമയം വൈകി ബാക്കി ചോദ്യങ്ങള്‍ക്ക് പിന്നെ മറുപടി തരാം..

രാഹുൽ സലാം